കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് ഉത്തരവുണ്ടായേക്കും. ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞിട്ടുണ്ട്. കസ്റ്റഡി വേണ്ടെന്നാണ് പൊലീസിന്റെ നിലപാട്. ഇതുകൂടി പരിഗണിച്ചാണ് കോടതിയുടെ തീരുമാനമെന്നാണ് സൂചന. പക്ഷേ ഉത്തരവ് വൈകിട്ടത്തേക്ക് മാറ്റുകയായിരുന്നു.
ബോബി ചെമ്മണ്ണൂരിന്റെ ദ്വയാർത്ഥ പ്രയോഗങ്ങളടക്കം കോടതി പരിഗണിച്ചിരുന്നു. ഇത്തരം പരാമർശങ്ങളുടെ പരിണിത ഫലം പൊതുജനം മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു. എന്തിനാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതെന്നും കോടതി ചോദിച്ചു. സമൂഹത്തിന് മുഴുവൻ പാഠമാകുന്ന തീരുമാനമാകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
പലതവണ ഇത്തരത്തിലുള്ള പരാമർശങ്ങൾ ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഉപാധികളോടെ ജാമ്യം നൽകാമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അതേസമയം, തനിക്കെതിരെയുള്ളത് ഗുരുതരമായ ആരോപണങ്ങൾ അല്ലെന്നും പൊലീസിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചതിനാൽ ജാമ്യം നൽകണമെന്നുമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് പതിനാലുദിവസത്തേക്ക് ബോബിയെ റിമാൻഡ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ബോബിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച വയനാട്ടിലെ റിസോർട്ടിന് സമീപത്തുനിന്നാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്ന് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യം തള്ളിയ വിധി കേട്ടയുടൻ പ്രതിക്ക് ബിപി കൂടുകയും ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തിരുന്നു. തുടർന്ന് കോടതിമുറിയിൽ വിശ്രമിക്കാൻ അനുവദിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് കാക്കനാട് ജയിലിലേക്ക് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |