കൊച്ചി: ജാമ്യം അനുവദിച്ചിട്ടും ജയിലിൽ തുടർന്ന ബോബി ചെമ്മണ്ണൂരിന്റെ നിലപാടിൽ അസാധാരണ നടപടിയുമായി ഹൈക്കോടതി. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകർ അടക്കമുളളവരോട് ഇന്ന് രാവിലെ 10.15ന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിന് കഴിഞ്ഞ ദിവസം ജാമ്യം നൽകിയതിന് പിന്നാലെ നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
ജാമ്യം ലഭിച്ചതിനുശേഷമുളള ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം, നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തിലുളളതായിരുന്നുവെന്നാണ് കോടതിയുടെ നിരീക്ഷണം. ബോഡി ഷെയിമിംഗ് അനുവദിക്കാനാകില്ലെന്ന് നിലപാടെടുത്ത ഹൈക്കോടതി കർശന ഉപാധികളോടെയാണ് ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത്. നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ ആറ് ദിവസമായി കാക്കനാട് ജില്ലാ ജയിലിലാണ് ബോബി.
ജാമ്യം അനുവദിച്ചിട്ടും ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറാകാതെ വരികയായിരുന്നു. ജാമ്യത്തുക അടയ്‌ക്കാൻ സാധിക്കാത്ത 15 റിമാൻഡ് തടവുകാർ ഒപ്പമുണ്ട്. ഇവർക്ക് ജാമ്യത്തുകയും അഭിഭാഷകരെയും ഏർപ്പാടാക്കും. തുടർന്ന് ഇവർക്കൊപ്പം ബോബി ഇന്ന് ഇറങ്ങുമെന്നായിരുന്നു സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |