പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. സിപിഎം ജില്ലാ സെക്രട്ടറിയുടേത് വ്യക്തി അധിക്ഷേപമാണ്. എല്ലാം ജനം വിലയിരുത്തട്ടെ. ഇതാണോ സിപിഎമ്മിന്റെ രാഷ്ട്രീയമെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
'ഒരു ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കുകയെന്നതാണോ തിരഞ്ഞെടുപ്പിലേക്ക് സിപിഎം ഒരുക്കിവയ്ക്കുന്ന മാനിഫെസ്റ്റോ. ഇതാണോ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക. അവരുടെ സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ളവർ ഇതിന് മറുപടി നൽകണം. അവർ ചെയ്ത നല്ല കാര്യങ്ങളൊന്നും പറയാനില്ലാത്തതിനാലാണ് ഇങ്ങനെ അധിക്ഷേപകരമായ രീതിയിൽ മുന്നോട്ടുപോകുന്നത്. ഇപ്പോൾ കുറച്ചുനാളായി പലതരത്തിലുള്ള കാര്യങ്ങൾ നേരിടുകയാണ്. വർഗീയവാദിയാക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. നിയമനടപടി ആലോചിക്കുന്നുണ്ട്.'- ഷാഫി പറമ്പിൽ പറഞ്ഞു. അതേസമയം, നിയമനടപടിയെ ഭയപ്പെടുന്നില്ലെന്നാണ് ഇ എൻ സുരേഷ് ബാബുവിന്റെ പ്രതികരണം.
ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടായിരുന്നു ഇ എൻ സുരേഷ് ബാബു നേരത്തെ രംഗത്തെത്തിയത്. സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്‌മാസ്റ്ററാണ് ഷാഫിയെന്നും ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബംഗളൂരുവിലേക്ക് വിളിക്കുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. വിഡി സതീശൻ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്ന് പറയുന്നതിൽ പ്രധാനപ്പെട്ടൊരു കാരണമുണ്ട്. അത് പിന്നെ ഞങ്ങൾ വെളിപ്പെടുത്താം. കേറിക്കേറി മുറത്തിൽക്കയറി കൊത്തിയെന്നാണ് കേൾക്കുന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |