
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിൽ ഹാജരായി. തിരുവനന്തപുരത്ത് രഹസ്യ കേന്ദ്രത്തിലാണ് എസ്ഐടി മേധാവി എസ്‌പി ശശിധരന്റെ നേതൃത്വത്തിൽ പത്മകുമാറിനെ ചോദ്യം ചെയ്യുന്നത്. സ്വർണക്കൊള്ള നടക്കുമ്പോൾ ദേവസ്വം കമ്മിഷണറായിരുന്ന എൻ വാസു നേരത്തെ അറസ്റ്റിലായിരുന്നു. വാസുവിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റായ പത്മകുമാറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
ആറൻമുളയിലെ വീട്ടിൽ നിന്നും പത്മകുമാർ രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. ചോദ്യം ചെയ്യലിന് മുന്നോടിയായി നോട്ടീസ് നൽകിയിരുന്നില്ല. ഇന്ന് തലസ്ഥാനത്ത് എത്തിച്ചേരാൻ ഇന്നലെ വെെകിട്ട് പത്മകുമാറിനോട് എസ്ഐടി ആവശ്യപ്പെടുകയായിരുന്നു. എൻ വാസുവിനെ വ്യാഴാഴ്ച വെെകിട്ട് നാലുമണിവരെ എസ്ഐടിയുടെ കസ്റ്റഡിയിൽവിട്ടിട്ടുണ്ട്. വാസുവിനെയും പത്മകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തേക്കും. ചോദ്യം ചെയ്യലിന് ശേഷം പത്മകുമാറിനെ അറസ്റ്റ് ചെയ്യാനും സാദ്ധ്യതയുണ്ട്.
സ്വർണക്കൊള്ളകേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തത് പത്മകുമാറാണെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ. പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ പത്മകുമാർ നേരിടേണ്ടിവരും. ശബരിമല സ്വർണക്കൊള്ളയിൽ നേരത്തെ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുറിനെതിരാണെന്നാണ് വിവരം. പത്മകുമാർ പറഞ്ഞിട്ടാണ് സ്വർണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളതെന്നാണ് റിപ്പോർട്ട്.
2019ൽ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുമ്പോൾ എ പത്മകുമാർ ആയിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്. സ്വർണം പൊതിഞ്ഞ കട്ടിളപാളിയെ ചെമ്പ് എന്ന് രേഖപ്പെടുത്തിയതും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടതും വാസുവിന്റെ നേതൃത്വത്തിലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കമ്മീഷണർ ആയിരുന്ന വാസു മുന്നോട്ടുവച്ച ഉത്തരവുകൾ പത്മകുമാർ അംഗീകരിച്ചതായി അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതു ഗൂഢാലോചനയുടെ ഭാഗമായിട്ടാണോയെന്നാണ് അന്വേഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |