
ചെറുതോണി: വാഴത്തോപ്പ് ഗിരിജ്യോതി സി.എം.ഐ സ്‌കൂളിൽ സ്‌കൂൾ ബസിടിച്ച് മരിച്ച പ്ലേ സ്‌കൂൾ വിദ്യാർത്ഥിനി ഹെയ്സൽ ബെന്നിന് (4) നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ബുധൻ തടിയമ്പാടുള്ള വീട്ടിൽ മൃതദേഹം എത്തിച്ചതു മുതൽ ഇന്നലെ സംസ്കാരം കഴിയും വരെയും വികാരനിർഭരമായ അന്തരീക്ഷമായിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ അന്ത്യോപചാരമർപ്പിക്കാൻ ഒഴുകിയെത്തുകയായിരുന്നു. രാവിലെ 11ന് സംസ്‌കാര ശുശ്രൂഷകൾ ആരംഭിച്ചു. മാതാപിതാക്കളായ ബെൻ ജോൺസൺ, ജീവ, വല്ല്യച്ഛൻ ബേബി, വല്ല്യമ്മ മേരി എന്നിവരുടെ വാവിട്ടുള്ള കരച്ചിൽ കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി. എന്റെ കുഞ്ഞിനെ കൊണ്ടു പോകരുതേയെന്ന് അലമുറയിട്ട അമ്മ ജീവയെ സമാധാനിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും കണ്ണീരണിഞ്ഞു. മന്ത്രി റോഷി അഗസ്റ്റ്യൻ, ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്, എ.ഡി.എം ഷൈജു പി. ജേക്കബ്, ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ, ഡെപ്യൂട്ടി കളക്ടർ അനൂപ് ഗാർഗ്, ഇടുക്കി തഹസിൽദാർ റെനി ജോസ്, ഇടുക്കി രൂപതയുടെയും സി.എം.ഐ സഭയുടെയും നൂറുകണക്കിനു വൈദികർ, കന്യാസ്ത്രീകൾ എന്നിവർ വീട്ടിലും പള്ളിയിലുമെത്തി അന്ത്യോപചാരമർപ്പിച്ചു.
പള്ളിയിലെ ചടങ്ങുകൾക്ക് കല്ല്യാൺ രൂപതാ മെത്രാൻ സെബാസ്റ്റ്യൻ വാണിയപ്പുര നേതൃത്വം നൽകി. സംസ്‌കാര ചടങ്ങുകളിൽ ഗിരിജ്യോതി സ്‌കൂളിലെ വിദ്യാർത്ഥികളും രക്ഷാകർത്താക്കളുമടക്കം അനേകം പേർ പങ്കെടുത്തു. സ്വന്തമായി ഒരു വീടെന്ന ആഗ്രഹം സഫലമാക്കാനാണ് ബെന്നും ജീവയും ഓമന മകളെ വല്ല്യച്ഛനെയും വല്ല്യമ്മയെയും ഏൽപ്പിച്ച് ജോലിക്കും പഠനത്തിനുമായി മറ്റു പ്രദേശങ്ങളിലേക്ക് പോയത്. ആറുമാസം മുമ്പ് ബെന്നിയുടെ സഹോദരിയുടെ മൂന്നര വയസുള്ള മകനും മരിച്ചിരുന്നു.
ബാലാവകാശകമ്മിഷൻ കേസെടുത്തു
വാഴത്തോപ്പ് ഗിരിജ്യോതി സി.എം.ഐ പബ്ലിക് സ്‌കൂളിൽ സ്‌കൂൾ ബസിടിച്ച് വിദ്യാർത്ഥിനി മരിച്ച കേസിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കമ്മിഷൻ മെമ്പർ കെ.കെ. ഷാജു മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഇനായ തെഹ്സിലിനെയും മരണമടഞ്ഞ ഹെയ്സൽ ബെന്നിന്റെ വീട്ടിലുമെത്തി മാതാപിതാക്കളുടെയും സ്‌കൂളിലെത്തി ജീവനക്കാരുടെയും മൊഴിയെടുത്തു. വിശദ റിപ്പോർട്ട് നൽകാൻ പൊലീസിനോട് ആവശ്യപ്പെട്ടു. ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ മാത്യു, കമ്മിഷനംഗം ഷിന്റോ മാത്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |