
തിരുവനന്തപുരം: ശശി തരൂർ എംപി സിപിഎമ്മിലേക്കെന്ന് സൂചന. ഇന്ന് ഇതുസംബന്ധിച്ച് ദുബായിൽ നിർണായക ചർച്ചകൾ നടക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള വ്യവസായിയാണ് ചർച്ചയ്ക്ക് മുൻകെെയെടുക്കുന്നതെന്നാണ് വിവരം.
ഈ വാർത്തകൾക്ക് ഇതുവരെ ശശിതരൂർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മഹാപഞ്ചായത്തിലെ അവഗണനയിൽ തരൂർ അതൃപ്തിയിലാണ്. ഇതിനിടെയാണ് ചർച്ച നടക്കുന്നത്. ഇന്ന് ഉച്ചയ്ക്കാണ് ശശി തരൂർ ദുബായിൽ എത്തിയത്. ഇന്ന് വെെകിട്ട് വ്യവസായിയുമായി ശശി തരൂർ കൂടിക്കാഴ്ച നടത്തും. ഇതുസംബന്ധിച്ച വാർത്തകൾ തരൂർ ക്യാമ്പ് തള്ളുന്നില്ല.
27നാണ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നത്. ആ യോഗത്തിൽ തരൂർ പങ്കെടുക്കുന്നില്ലെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമം കോൺഗ്രസിൽ തുടരുന്നതിനിടെയാണ് സിപിഎമ്മിൽ നിന്നും ഈ നീക്കം.
മഹാപഞ്ചായത്തിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വേദിയിലുണ്ടായിരുന്ന നേതാക്കളുടെ പേര് പറഞ്ഞ് പ്രസംഗം തുടങ്ങിയെങ്കിലും ശശി തരൂരിന്റെ പേര് ഒഴിവാക്കിയിരുന്നു. ഇതിൽ തരൂരിന് അതൃപ്തിയുണ്ടായിരുന്നു. എന്നാൽ പ്രസംഗത്തിന് മുന്നോടിയായി തനിക്കു ലഭിച്ച പട്ടികയിൽ തരൂരിന്റെ പേരില്ലായിരുന്നു. അതിനാലാണ് പേര് പരാമർശിക്കാത്തതെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. എന്നാൽ വിഷയം സംബന്ധിച്ച് പൊതുചർച്ചയ്‌ക്ക് താത്പര്യമില്ലെന്ന നിലപാടിലാണ് തരൂർ. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ വെള്ളിയാഴ്ച ഡൽഹിയിൽ ചേർന്ന യോഗത്തിൽ തരൂരിന്റെ അസാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |