
എംടിയുടെ ആദ്യഭാര്യ പ്രമീളാനായരെക്കുറിച്ചുള്ള പുസ്‌തക വിവാദത്തിൽ രചയിതാക്കൾക്ക് പിന്തുണയുമായി എഴുത്തുകാരി ഇന്ദുമേനോൻ. ദീദി ദാമോദരനും എച്ച്‌മക്കുട്ടിയും ചേർന്നെഴുതിയ 'എംറ്റി ബാഷ്‌പീകൃതയുടെ ആറാം വിരൽ' എന്ന പുസ്‌തകത്തെക്കുറിച്ചാണ് ഇന്ദുമേനോൻ പ്രതികരണം നടത്തിയത്. പുസ്‌തകം എംടിയെക്കുറിച്ചുള്ള ഗോസിപ്പല്ലെന്നും മറിച്ച് അദ്ദേഹത്തിന്റെ മറയിൽ ഒതുങ്ങിപ്പോയ പ്രമീളാനായർ എന്ന സ്‌ത്രീയെക്കുറിച്ചുള്ളതാണെന്നും ഇന്ദുമേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രമീളാനായരുടെ മകൾ സിതാരാ ഗിർമെ തന്നെ പുസ്‌തകത്തെ എതിർത്ത് രംഗത്തെത്തിയതാണ് പുസ്‌തകം വായിക്കാനിടയാക്കിയതെന്നും ഇന്ദുമേനോൻ പറയുന്നു.
'എംടിയാക്കപ്പെട്ട എല്ലാ ഇടത്തുനിന്നും ശൂന്യമായി പോയ പ്രമീളാനായർ എന്ന എഴുത്തുകാരിയുടെ ജീവിതകഥ വായിക്കാൻ ഉള്ള കാരണം അതിനെ പ്രമീളാനായരുടെ മകൾ സിതാരാ ഗിർമെ തന്നെ എതിർത്ത് എഴുതിയതുകൊണ്ടാണ്. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഏറ്റവും അടിസ്ഥാനപരമായ എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യത്തെ മറികടക്കുന്ന ചില സംഗതികൾ ഈ പുസ്തകത്തിൽ ഉണ്ട് എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ കണ്ടത്. സത്യത്തിൽ ഇതിനകത്ത് കുടുംബമോ കുടുംബത്തിനകത്ത് നടന്ന ചതികളോ പ്രിയപ്പെട്ട എഴുത്തുകാരനെ നാണം കെടുത്തുന്ന സംഗതികളോ ഒന്നും തന്നെയില്ല.ഈ പുസ്തകം മുന്നോട്ട് വയ്ക്കുന്നത് ഒരു രാഷ്ട്രീയമാണ്. സ്ത്രീകൾ എങ്ങനെ പുരുഷന്റെ പിറകിൽ മറഞ്ഞു മങ്ങിയും തേഞ്ഞും തുലഞ്ഞും പോകുന്നു എന്ന പലായനകാലം മുതലുള്ള സ്ത്രീയുടെ ത്യാഗ ചരിത്രരാഷ്ട്രീയം' - ഇന്ദുമേനോൻ കുറിച്ചു.
ഇത് എംടിയെ കുറിച്ചുള്ള പുസ്തകം അല്ല എംടിയായ ഒരു സ്ത്രീയെ കുറിച്ച് അവളുടെ ഇടങ്ങളെ കുറിച്ച് ഉള്ള ചില അന്വേഷണക്കുറിപ്പുകൾ ആണ്. പല പുസ്തകങ്ങളിൽ ആളുകളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗ്രന്ഥകാരികൾ പുസ്‌തകം എഴുതിയിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം പുസ്‌തകത്തിൽ പറയുന്ന കാര്യങ്ങൾ അസത്യമാണെന്നും വസ്‌തുതാവിരുദ്ധമാണെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് എംടിയുടെ മക്കളായ സിതാരയും അശ്വതിയും. പുസ്‌തകം വിപണിയിൽ നിന്ന് പിൻവലിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |