
പാലക്കാട്: മുസ്ലിം ലീഗിനെതിരായ പരാമർശങ്ങളിൽ പാർട്ടി നേതാക്കളായ എകെ ബാലനെയും സജി ചെറിയാനെയും തള്ളി മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ഇരുവരുടെയും പ്രസ്താവനകൾ പൂർണമായും അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞത് വസ്തുതയല്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
മുസ്ലിം ലീഗ് അമുസ്ലിങ്ങളെ ഏതെങ്കിലും ജനറൽ സീറ്റിൽ മത്സരിപ്പിച്ചിട്ടുണ്ടോ എന്ന് പാലോളി ചോദിച്ചു. മുസ്ലിം വോട്ടുകൾ കൊണ്ട് മാത്രമാണോ ലീഗ് ജയിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. എപി വിഭാഗത്തിന് ചില കാര്യങ്ങളിൽ യുഡിഎഫുമായി ഐക്യമുണ്ടാകാം. എന്നാൽ ഇകെ വിഭാഗത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണ എൽഡിഎഫിനുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വിഭാഗം യുഡിഎഫിനോട് അടുക്കുമ്പോൾ മറുവിഭാഗം എൽഡിഎഫിനോട് അടുക്കുന്നത് കാണാതെ പോകരുതെന്നും പാലോളി ഓർമ്മിപ്പിച്ചു.
മന്ത്രി സജി ചെറിയാനും എകെ ബാലനും നടത്തിയ വർഗീയ പരാമർശങ്ങളാണ് തിരുത്തലിന് കാരണമായത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ ജയിച്ചവരുടെ പേര് പരിശോധിച്ചാൽ വർഗീയ ധ്രുവീകരണം വ്യക്തമാകുമെന്നായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം. കേരളം ഉത്തർപ്രദേശും മദ്ധ്യപ്രദേശുമാകാൻ നിൽക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവാദമായതോടെ പിന്നീട് സജി ചെറിയാൻ ഈ പ്രസ്താവന പിൻവലിച്ചു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയായിരിക്കുമെന്നും ഇത് മാറാട് മാതൃകയിലുള്ള കലാപങ്ങൾക്ക് കാരണമാകുമെന്നുമായിരുന്നു ബാലന്റെ മുന്നറിയിപ്പ്. മുസ്ലിം ലീഗും ആർഎസ്എസും ഇതിന് സഹായിക്കുന്നുണ്ടെന്നും ബാലൻ ആരോപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |