തീർത്ഥാടനദിനങ്ങളുടെ ഉദ്‌ഘാടനം 30ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: 91-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായ തീർത്ഥാടന മഹാസമ്മേളനം 31ന് രാവിലെ 10ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്യുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും.
30ന് രാവിലെ 10ന് തീർത്ഥാടന ദിനങ്ങളുടെ ഔദ്യോഗിക ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മന്ത്രി വി.എൻ. വാസവൻ, രമേശ് ചെന്നിത്തല എന്നിവർ വിശിഷ്‌ടാതിഥികളായിരിക്കും. സ്വാമി വിശുദ്ധാനന്ദ, സ്വാമി ശാരദാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
തീർത്ഥാടനകാലത്തിന്റെ ഭാഗമായുള്ള സർവമത സമ്മേളന ശതാബ്ദിയാഘോഷം 26ന് രാവിലെ 11ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്‌ഘാടനം ചെയ്യും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായിരിക്കും. സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. തീർത്ഥാടക കമ്മിറ്റി ജോ.സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ഗുരുസ്‌മരണ നടത്തും. സ്വാമി ഋതംഭരാനന്ദ സ്വാഗതവും സ്വാമി ശാരദാനന്ദ നന്ദിയും പറയും.
27ന് രാവിലെ ഗുരുധർമ്മ പ്രചാരണസഭാ സമ്മേളനം നാഷണൽ ജുഡിഷ്യൽ അക്കാഡമി മുൻ ഡയറക്‌ടർ ഡോ.ജി.മോഹൻ ഗോപാൽ ഉദ്‌ഘാടനം ചെയ്യും. 28ന് രാവിലെ 10ന് ആശാൻ ദേവവിയോഗ ശതാബ്‌ദിയാചരണം മന്ത്രി എം.ബി. രാജേഷ് ഉദ്‌ഘാടനം ചെയ്യും. 29ന് രാവിലെ ശിവഗിരി ഹൈസ്‌കൂൾ ശതാബ്ദിയാഘോഷം, കുറിച്ചി എ.വി.എച്ച്.എസ്.എസ് നവതിയാഘോഷം എന്നിവ മന്ത്രി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനാകും.
30ന് ഉച്ചയ്ക്ക് രണ്ടിന് ശാസ്ത്രസാങ്കേതിക സമ്മേളനം ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്.സോമനാഥ് ഉദ്‌ഘാടനം ചെയ്യും. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് അദ്ധ്യക്ഷനാകും. വൈകിട്ട് അഞ്ചിന് ആരോഗ്യ, വിദ്യാഭ്യാസ സമ്മേളനം കർണാടക വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി.രാജീവ് അദ്ധ്യക്ഷനാകും.
തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ജോയിന്റ് സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, മീഡിയ കമ്മിറ്റി ചെയർമാൻ ഡോ.എം.ജയരാജ്, പ്രോഗ്രാം കമ്മിറ്റി ചീഫ് കോ-ഓർഡിനേറ്റർ ഡോ.എസ്. ജയപ്രകാശ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |