ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ 171-ാമത് തിരുജയന്തി ആഘോഷത്തോടനുബന്ധിച്ച് ശിവഗിരിയിൽ സെപ്തംബർ 7ന് രാവിലെ 9.30ന് തിരുജയന്തി സമ്മേളനം ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജയന്തിസന്ദേശം നൽകും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണവും നടത്തും. അടൂർപ്രകാശ് എം.പി, അഡ്വ.വി.ജോയി എം.എൽ.എ, മുൻ കേന്ദ്രമന്ത്റി വി.മുരളീധരൻ, വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, ജയന്തിആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, രക്ഷാധികാരി കെ.ജി.ബാബുരാജൻ (ബെഹ്റിൻ), കെ.മുരളീധരൻ (മുരളിയ) എന്നിവർ സംസാരിക്കും. 11.30ന് തിരുജയന്തി വിശ്വസാഹോദര്യസമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ഡോ.ഒമർ അൽ മർസൂക്കി (മേജർ,ദുബായ് പൊലീസ് ), സിക്ക് ജ്യോതിഷ ആചാര്യ സത്വീന്ദർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സ്വാമി വിരജാനന്ദഗിരി ,എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം ബി.ജയപ്രകാശൻ, സെക്രട്ടറി അജി.എസ്.ആർ.എം, ഡോ.വരുൺ.ആർ.കെ (ആംബോസ് ഡയറക്ടർ, ജർമ്മനി), മുൻ എം.എൽ.എ വർക്കലകഹാർ, യൂത്ത്കോൺഗ്രസ് സംസ്ഥാനസെക്രട്ടറി ആനന്ദ് കെ.ഉദയൻ, നഗരസഭ മുൻചെയർമാൻ സൂര്യപ്രകാശ്, കൗൺസിലർ രാഖി, ജി.ഡി.പി.എസ് രജിസ്ട്രാർ കെ.ടി.സുകുമാരൻ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 2ന് ഗുരുമൊഴി - പ്രഭാഷണപരമ്പര. മാതൃസഭ സെക്രട്ടറി ശ്രീജ.ജി.ആർ അദ്ധ്യക്ഷത വഹിക്കും. ജി.ഡി.പി.എസ് പി.ആർ.ഒ പ്രൊഫ.സനൽകുമാർ വിഷയാവതരണം നടത്തും. വിഷയം: കേരളം ഗുരുവിന് മുൻപും ശേഷവും. അമൃതവർഷ, ശിവന്യകിഷോർ, സാനിയാസുരേഷ്, സുജിൻ, സൈനസുരേഷ്, അനുശ്രീഅനൂപ് എന്നിവർ പ്രഭാഷണം നടത്തും.
ജയന്തി ആഘോഷങ്ങൾക്ക് ശിവഗിരിയിൽ ഒരുക്കങ്ങളായി
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷങ്ങൾക്ക് ശിവഗിരിയിൽ ഒരുക്കങ്ങളായി. സെപ്തംബർ 7ന് പുലർച്ചെ 4.30ന് പർണ്ണശാലയിൽ ശാന്തിഹവനം, 5.10ന് ശാരദാമഠത്തിൽ വിശേഷാൽപൂജ, 5.30ന് മഹാസമാധിയിൽ വിശേഷാൽപൂജ, 6 മുതൽ 6.30വരെ വിശേഷാൽ ചതയപൂജയും തിരുഅവതാരമുഹൂർത്ത പ്രാർത്ഥനയും. 7ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തും. 7.30ന് ജപയജ്ഞം. സ്വാമി പരാനന്ദ ദീപപ്രകാശനം നടത്തും. 9.30ന് തിരുജയന്തി സമ്മേളനം, 11.30ന് വിശ്വസാഹോദര്യസമ്മേളനം, ഉച്ചയ്ക്ക് 2ന് ഗുരുമൊഴി, വൈകിട്ട് 5.30ന് ജയന്തിഘോഷയാത്ര. ശിവഗിരിയിൽ നിന്നു പുറപ്പെടുന്ന ഘോഷയാത്രയിൽ എഴുന്നളളിക്കുന്ന ഗുരുദേവറിക്ഷയ്ക്ക് അകമ്പടിയായി പഞ്ചവാദ്യം, മുത്തുക്കുടകൾ, ഗുരുവിഗ്രഹം വഹിക്കുന്ന കമനീയരഥം, ശിങ്കാരിമേളം, കലാരൂപങ്ങൾ, ഗുരുദേവദർശനത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ഫ്ലോട്ടുകൾ തുടങ്ങിയവ അണിനിരക്കും. ഘോഷയാത്ര ശിവഗിരിയിൽ നിന്നു പുറപ്പെട്ട് ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ, ശിവഗിരി നഴ്സിംഗ് കോളേജ്, എസ്.എൻ കോളേജ്, വട്ടപ്ലാംമൂട്, പാലച്ചിറ, കെടാവിത്തുവിള, പുത്തൻചന്ത, ആയുർവ്വേദാശുപത്രി ജംഗ്ഷൻ, മൈതാനം, റെയിൽവേസ്റ്റേഷൻ വരെ പോയി മടങ്ങി മഠ്ജംഗ്ഷൻ, തുരപ്പിൻമൂട് വഴി രാത്രി 10ന് മഹാസമാധിയിൽ എത്തിച്ചേരും. ആത്മീയ, സാമൂഹിക, കലാ സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും വിദ്യാലയങ്ങളുടെയും നേതൃത്വത്തിൽ ശിവഗിരിയിൽ ചതയദീപം തെളിക്കും.
ശിവഗിരിയിൽ ഗുരുദേവ ഭജൻസ് അവതരിപ്പിക്കാം
ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ 171 -ാമത് തിരുജയന്തി മുതൽ മഹാസമാധി വരെ ജപയജ്ഞത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് ശിവഗിരിയിൽ ഗുരുഭക്തർക്ക് ഗുരുദേവ കൃതികളും ഗുരുസ്തുതികളും അടങ്ങുന്ന ഭജനകൾ അവതരിപ്പിക്കാം. ഈ കാലയളവിൽ ആശ്രമ നിയമങ്ങൾ പാലിച്ച് ശിവഗിരി മഠത്തിൽ താമസിച്ച് ജപധ്യാനാദികളിലും പൂജകളിലും പങ്കെടുത്ത് ഭജനമിരിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ശ്രീനാരായണഗുരു സന്ദേശം ഉൾക്കൊള്ളുന്നതിനും ആദ്ധ്യാത്മികതയിൽ അധിഷ്ഠിതമായ ജീവിതശൈലി സമൂഹത്തിൽ വ്യാപിപ്പിക്കുന്നതിനുമാണ് ഭക്തർക്ക് ഇത്തരത്തിൽ അവസരം നൽകുന്നതെന്ന് ജയന്തി ആഘോഷക്കമ്മിറ്റി അറിയിച്ചു.
സത്യവ്രതസ്വാമികളുടെ സമാധി ശതാബ്ദിആചരിക്കണം
ശിവഗിരി : ശ്രീനാരായണഗുരുദേവന്റെ വിവേകാനന്ദൻ എന്ന നിലയിൽ പ്രശസ്തി നേടിയ സത്യവ്രത സ്വാമികളുടെ ശതാബ്ദി സെപ്തംബർ 1മുതൽ ഒരു വർഷക്കാലം രാജ്യമെമ്പാടും ആചരിക്കണമെന്ന് ശിവഗിരി മഠം അഭ്യർത്ഥിച്ചു . അന്നേദിവസം ശിവഗിരിയിൽ വിശേഷാൽ പൂജയും ആരാധനയും അർച്ചനയും ഉണ്ടാകും. വിശേഷാൽ സമ്മേളന പരിപാടികൾ പിന്നാലെ നടത്തും. നായർ സമുദായത്തിൽ ജനിച്ച അയ്യപ്പൻപിള്ള ശ്രീനാരായണ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച് സത്യവ്രത സ്വാമികൾ ആയി. ആലുവ സർവമത സമ്മേളനം, വൈക്കം സത്യാഗ്രഹം തുടങ്ങി ഗുരുദേവൻ പ്രോദ്ഘാടനം ചെയ്ത മഹദ്സംരംഭങ്ങളുടെയെല്ലാം മുന്നണി പടനായകൻ ആയിരുന്നു. ഉച്ചഭാഷിണി ഇല്ലാതിരുന്ന കാലത്ത് എസ്.എൻ.ഡി.പി യോഗത്തിന്റെ മൈക്കായി പ്രവർത്തിച്ച സത്യവ്രത സ്വാമികളെ ഗുരുഭക്തർ എന്നും ഓർമ്മിക്കണം. സ്വാമികൾ സമാധി പ്രാപിച്ചതിന്റെ നൂറാം വാർഷികം എസ്.എൻ.ഡി.പി യോഗം, ഗുരുധർമ്മ പ്രചരണ സഭ തുടങ്ങിയ എല്ലാ പ്രസ്ഥാനങ്ങളും 2026 സെപ്തംബർ 1 വരെയുള്ള കാലയളവിൽ ഏറ്റെടുത്ത് നടത്തണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അറിയിച്ചു.
ശിവഗിരി ആശ്രമം ഒഫ്
നോർത്ത് അമേരിക്കയിൽ
ഗുരുദേവജയന്തി ആഘോഷം
വാഷിംഗ്ടൺ: ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയിൽ ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷ പരിപാടികൾ സെപ്റ്റംബർ 7ന് സംഘടിപ്പിക്കും. ഗുരുദേവ വിരചിതമായ ഹോമ മന്ത്രത്താലുള്ള ശാന്തിഹോമ യജ്ഞത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാവും.
നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങളുടെ സഹകരണത്തോടെ ആശ്രമത്തിന്റെ ആത്മീയാചാര്യൻ സ്വാമി ഗുരുപ്രസാദിന്റെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ . ഭക്തജനങ്ങളുടെ നിറസാന്നിധ്യത്തിൽ ഗുരു പുഷ്പാഞ്ജലി മന്ത്രത്തോടെയുള്ള മഹാഗുരുപൂജ, ആദ്ധ്യാത്മിക ദാർശനിക സമ്മേളനം എന്നിവയും നടക്കും. ആശ്രമം പ്രസിഡന്റും ഗുരുദേവ ഗൃഹസ്ഥ ശിഷ്യപരമ്പരയിലെ പ്രധാനിയുമായിരുന്ന ആലുംമൂട്ടിൽ ചാന്നാർ കടുംബത്തിലെ ഡോ.ശിവദാസൻ മാധവൻ ചാന്നാർ ചടങ്ങുകൾക്ക് നേതൃത്വം നൽകും . ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ, വൈസ് പ്രസിഡന്റുമാരായ എ. പി.അനിൽകുമാർ, മനോജ് കുട്ടപ്പൻ(കേരള കൗമുദി കുടുംബാംഗം ), ടെക്സാസ് അസിസ്റ്റന്റ് സെക്രട്ടറി സാജൻ നടരാജൻ , ട്രഷറർ ശ്രീനി പൊന്നച്ചൻ അരിസോണ . ശ്രീനിവാസൻ ഫിലാഡെൽഫിയ,സുനിൽ കാരാടിയിൽ ,ഷാജി പാപ്പൻ ടെക്സാസ്, സംഗീത് ബോസ്റ്റൺ,രത്നമ്മ, കാർത്യായനി എന്നിവർ നേതൃത്വം നൽകും. സർവ്വമത സമ്മേളന ശതാബ്ദി ആഘോഷവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് പി.ആർ.ഒ പ്രസാദ് കൃഷ്ണൻ അറിയിച്ചു
സ്വാമി സച്ചിദാനന്ദ
ഗുരുദേവ സന്ദേശ
പ്രചരണത്തിന് ലണ്ടനിലേക്ക്
ശിവഗിരി : ശിവഗിരി ആശ്രമം ഒഫ് യു.കെ യുടെ ആഭിമുഖ്യത്തിൽ 30, 31, സെപ്തംബർ 1 തീയതികളിൽ നടക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധനം, ധ്യാനം, ഗുരുദേവ കൃതികളുടെ പഠനം എന്നിവയുടെയും 100 ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ദൈവദശകം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലേക്ക് സമർപ്പിക്കുന്നതിന്റെയും ഭാഗമായി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിൽ നിന്ന് യാത്ര തിരിച്ചു.
സ്വാമിയെ സന്യാസിമാരും ഗുരുധർമ്മ പ്രചാരകരുമായ ഒരു സംഘം അനുയാത്ര ചെയ്യുന്നുണ്ട്. ഗുരുദേവന്റെ ഏകലോക ദർശനം, 73 വർഷത്തെ ദിവ്യജീവിതം, 75 ഓളം വരുന്ന ഗുരുദേവകൃതികളുടെ പഠനം എന്നിവയും ദിവ്യപ്രബോധനത്തിന്റെ ഭാഗമാകും. ദൈവദശകത്തിന്റെ കോപ്പി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ സ്വാമി സച്ചിദാനന്ദ സമർപ്പിക്കും. സെപ്തംബർ 3ന് ശിവഗിരിയിൽ മടങ്ങിയെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |