
ശിവഗിരി: 93-ാമത് ശിവഗിരി തീർത്ഥാടന കാലത്തെ ആഘോഷ പരിപാടികളും സമ്മേളനങ്ങളുടെ തുടക്കവും 15ന് രാവിലെ 10ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും.15മുതൽ 29വരെ വൈവിദ്ധ്യമാർന്ന സമ്മേളനങ്ങൾ നടക്കും. 30,31,ജനുവരി 1 തീയതികളിൽ മഹാതീർത്ഥാടനം പ്രമാണിച്ചുള്ള പ്രത്യേകസമ്മേളനങ്ങളും ഉണ്ടാകും. തീർത്ഥാടനകാല സമ്മേളനങ്ങൾ ഗുരുപൂജ ഹാളിനോട് ചേർന്ന് പ്രത്യേകമായി നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിലാകും. ശിവഗിരി മഠത്തിലെ സന്യാസിവര്യന്മാരും പ്രസിദ്ധരായ പ്രഭാഷകരും പ്രഭാഷണങ്ങൾ നടത്തും. യുവജന സമ്മേളനം,പരിസ്ഥിതി സംരക്ഷണ സമ്മേളനം,പാരമ്പര്യ വൈദ്യസംഗമം,പിന്നോക്ക സമുദായ സമ്മേളനം,ഗുരുധർമ്മ പ്രചരണസഭ സമ്മേളനം,സത്യവ്രത സ്വാമി ശതാബ്ദി സമ്മേളനം എന്നിവ ഉണ്ടാകും.അക്ഷരശ്ലോക സദസും സംഘടിപ്പിക്കും.പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഗുരുദേവ ശിഷ്യനായ എം.പി മൂത്തേടത്തിന്റെ വിയോഗദിനം പ്രമാണിച്ച് അനുസ്മരണയോഗവും നടക്കും.
തീർത്ഥാടന ഘോഷയാത്ര 31ന്
ശിവഗിരി തീർത്ഥാടന ഘോഷയാത്ര 31ന് രാവിലെ 5ന് മഹാസമാധിയിൽ നിന്നും ആരംഭിക്കും. തീർത്ഥാടന ഘോഷയാത്രയിൽ പങ്കെടുക്കുന്ന പദയാത്രികർ 29,30 തീയതികളിലായി ശിവഗിരിയിൽ എത്തിച്ചേരേണം. താമസസൗകര്യം വേണ്ടവർ തീർത്ഥാടന അക്കോമഡേഷൻ കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്. തീർത്ഥാടകർ ഗുരുദേവൻ കൽപ്പിച്ചത് പോലെ 10ദിവസത്തെ പഞ്ചശുദ്ധി വൃത്തത്തോടെ കഴിവതും പീതാംബരധാരികളായി ശിവഗിരി തീർത്ഥാടന മഹാമഹ എന്ന് മാത്രം രേഖപ്പെടുത്തിയ ബാനറുമായി തീർത്ഥാടന പരിപാടികളിൽ പങ്കെടുക്കേണ്ടതാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ,ട്രസ്റ്റ് ട്രഷററും തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു. കമ്മിറ്റി ഓഫീസ് :9048963089, 9074316042.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |