ശിവഗിരി : ശ്രീനാരായണ ഗുരുദേവ ജയന്തിയുടെ അലയടികൾ വിശ്വമാകെ നിറയുന്ന ചതയ ദിനാഘോഷത്തിന് ശിവഗിരി കുന്നുകൾ ഒരുങ്ങി . 171-ാമത് ഗുരുദേവ ജയന്തി ആഘോഷത്തിൽ സംസ്ഥാനത്തിന് പുറത്തു നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വിവിധ ഗുരുദേവ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരും ശിവഗിരി ബന്ധുക്കളും ചെമ്പഴന്തി ഗുരുകുലത്തിലും, ശിവഗിരിയിലും എത്തിച്ചേരും .
ജയന്തി സമ്മേളനങ്ങളിൽ വിദേശ രാജ്യത്തിൽ നിന്നുള്ള അതിഥികളും പങ്കെടുക്കുന്നുണ്ട്. ജയന്തി മുതൽ തുടക്കം കുറിക്കുന്ന ജപയജ്ഞത്തിന് ശിവഗിരിയിൽ വൈദിക മഠത്തിനു മുന്നിൽ പന്തലുയർന്നു. ബോധനന്ദ സ്വാമി സമാധി ദിനം വരെ ജപയജ്ഞം തുടരും. വിവിധ വർണ്ണ വൈദ്യുതി ദീപങ്ങൾ വൃക്ഷശിഖരങ്ങളിലൂടെ വർണ്ണവിസ്മയം തീർക്കുന്നു. കൊടിതോരണങ്ങളും പീതപതാകകളും ശിവഗിരിയിലും പരിസരങ്ങളിലും നേരത്തെ തന്നെ സ്ഥാനം പിടിച്ചു . ജയന്തിയോടനുബന്ധിച്ച് ഉയർത്തുന്നതിനുള്ള ധർമ്മ പതാകയും കൊടിക്കയറും നാളെ രാവിലെ മുരുക്കുംപുഴ കാളകണ്ഠേശ്വരം ക്ഷേത്രത്തിൽ നിന്നും രഥഘോഷയാത്രയായി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 11.30ന് മഹാസമാധിയിൽ എത്തിക്കും. 7ന് രാവിലെ 10 മണിക്ക് ജയന്തി സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും 11.30ന് വിശ്വസാഹോദര്യ സമ്മേളനം മന്ത്രി പി.പ്രസാദുമാണ് ഉദ്ഘാടനം ചെയ്യുക. ചെമ്പഴന്തി ഗുരുകുലത്തിൽ ജയന്തി സമ്മേളനം വൈകിട്ട് 6.30 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ജയന്തി
ഘോഷയാത്ര
വൈകുന്നേരം 5 ന് ശിവഗിരിയിൽ ചതയദീപം തെളിച്ച ശേഷം വർണ്ണാഭമായ ജയന്തി ഘോഷയാത്ര പുറപ്പെടും. ഘോഷയാത്ര ആകർഷകമാകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു കഴിഞ്ഞു. ഘോഷയാത്രയിൽ എഴുന്നളളിക്കുന്ന ഗുരുദേവറിക്ഷയ്ക്ക് അകമ്പടിയായി പഞ്ചവാദ്യം, മുത്തുക്കുടകൾ, ഗുരു വിഗ്രഹം വഹിക്കുന്ന കമനീയരഥം, ശിങ്കാരിമേളം, കലാരൂപങ്ങൾ, ഗുരുദേവ ദർശനത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ഫ്ലോട്ടുകൾ തുടങ്ങിയവ അണിനിരക്കും. ഘോഷയാത്ര ശിവഗിരിയിൽ നിന്നു പുറപ്പെട്ട് ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ, ശിവഗിരി നഴ്സിംഗ് കോളേജ്, എസ്.എൻ കോളേജ്, വട്ടപ്ലാംമൂട്, പാലച്ചിറ, കെടാവിത്തുവിള, പുത്തൻചന്ത, ആയുർവ്വേദാശുപത്രി ജംഗ്ഷൻ, മൈതാനം, റെയിൽവേസ്റ്റേഷൻ വരെ പോയി മടങ്ങി മഠ്ജംഗ്ഷൻ, തുരപ്പിൻമൂട് വഴി രാത്രി 10ന് മഹാസമാധിയിൽ തിരിച്ചെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |