മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബൺ വിക്ടോറിയൻ പാർലമെന്റ് സമുച്ചയത്തിൽ ഇന്നലെ നിറഞ്ഞുനിന്നത് ശ്രീനാരായണദർശന സൗരഭ്യം. മതത്തിന്റെയും വർണത്തിന്റെയും ദേശത്തിന്റെയും പേരിൽ സംഘർഷാത്മകമായ ലോകത്തെ ശാന്തിയിലേക്ക് നയിക്കാൻ ശ്രീനാരായണ ദർശനത്തിനാകുമെന്നും ഗുരുവിന്റെ ഏകലോക സങ്കല്പം മാതൃകാപരമാണെന്നും പാർലമെന്റിലെ സെൻട്രൽ ഹാളിൽ ഇന്നലെ സംഘടിപ്പിച്ച, ആലുവ സർവമത സമ്മേളനത്തിന്റെ ശതാബ്ദി സമ്മേളനം വിലയിരുത്തി.
വിവിധ മത, ദേശ വിഭാഗങ്ങൾ വസിക്കുന്ന വിക്ടോറിയയിലെ ജനങ്ങൾക്കിടയിൽ ഗുരുദർശനം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് സർവമതസമ്മേളനം ഉദ്ഘാടനം ചെയ്ത വിക്ടോറിയൻ പ്രീമിയർ ജസീന്ത അലൻ പറഞ്ഞു. മതങ്ങളുടെ പേരിൽ തമ്മിലടിക്കുന്ന മനുഷ്യരെ തിരിച്ചറിവിലേക്ക് നയിക്കാനുള്ള നിയോഗമായിരുന്നു ഗുരുദേവന്റേതെന്ന് ആമുഖപ്രസംഗത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി. ലോകത്തിന്റെ ഭാവി പ്രതിസന്ധികൾ മുന്നിൽ കണ്ട മഹാഗുരുവാണ് ശ്രീനാരായണഗുരുദേവനെന്നും ലോകശാന്തിക്ക് ഗുരുവിനെ ആശ്രയിക്കുക മാത്രമാണ് ഏകമാർഗമെന്നും മുഖ്യപ്രഭാഷണം നടത്തിയ ശശി തരൂർ എം.പി ചൂണ്ടിക്കാട്ടി.
സ്വാമി സച്ചിദാനന്ദയ്ക്കൊപ്പം ശിവഗിരിയിൽ നിന്നെത്തിയ സ്വാമിമാരുടെയും ഗുരുഭക്തരുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങ്. യുക്രെയ്ൻ കത്തോലിക്കാ സഭയുടെ പ്രതിനിധി മൈക്കോല കർദിനാൾ ബൈച്ചോക്ക്, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ സംസാരിച്ചു.
16 മതങ്ങളുടെ പ്രതിനിധികൾ സമ്മേളനത്തിനെത്തി. ചടങ്ങുകൾക്ക് തുടക്കമായി ദിവ്യ മുരുകേഷ് ദൈവദശകം ആലപിച്ചു. ഗുരുദേവന്റെ ഛായാചിത്രത്തിൽ ജസീന്ത അലൻ, സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ, ഡോ.ശശി തരൂർ എം.പി, ചാണ്ടി ഉമ്മൻ എം.എൽ.എ എന്നിവർ പുഷ്പാർച്ചന നടത്തി.
ആദ്യമായാണ് ഇവിടെ ഗുരുദർശനത്തെക്കുറിച്ച് ചർച്ച നടക്കുന്നത്. ചാണ്ടി ഉമ്മൻ എം.എൽ.എ സമാപന സന്ദേശം നൽകി. വിക്ടോറിയൻ പാർലമെന്റംഗവും ഗവ. ചീഫ് വിപ്പുമായ ലീ ടർലാമിസ് സ്വാഗതവും ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് ആൻഡ് കൾച്ചറൽ കൗൺസിൽ (ഓസ്‌ട്രലയ) പ്രസിഡന്റ് അനിൽ കൊളാനുകൊണ്ട നന്ദിയും പറഞ്ഞു.
ഗ്ലോബൽ ഹാർമണി അവാർഡ്
ശിവഗിരി മഠത്തിന് സമർപ്പിച്ചു
ഗുരുദേവ സന്ദേശങ്ങൾക്കുള്ള കാലികമായ പ്രസക്തിയെ അംഗീകരിച്ചുകൊണ്ട് ആസ്ട്രേലിയൻ സർക്കാരിന്റെ ശ്രീനാരായണഗുരു ഗ്ലോബൽ ഹാർമണി അവാർഡ് ശ്രീനാരായണ ധർമ്മസംഘത്തിന് സമർപ്പിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുൻ ട്രഷറർ സ്വാമി വിശാലാനന്ദ, സ്വാമി ധർമ്മചൈതന്യ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ആദ്യമായാണ് ഒരു വിദേശരാജ്യം മഠത്തെ ആദരിച്ചുകൊണ്ട് ഇപ്രകാരം ഒരു പുരസ്കാരം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |