ശിവഗിരി: 89-ാമത് ശിവഗിരി തീർത്ഥാടന പരിപാടികൾ ഡിസംബർ 15 മുതൽ ജനുവരി 5 വരെ നടത്താൻ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ കൂടിയ സന്യാസി വര്യന്മാരുടെയും ഗുരുധർമ്മവിശ്വാസികളുടെയും വിവിധ ശ്രീനാരായണസംഘടനാ പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു.
കൊവിഡ് മഹാമാരിയുടെ വ്യാപനം പൂർണ്ണമായും അവസാനിക്കാത്ത സാഹചര്യത്തിൽ കൂടുതൽ തീർത്ഥാടകർക്ക് വന്നുപോകാനുളള സൗകര്യമൊരുക്കുന്നതിനാണ് പരിപാടികൾ പതിവിലും നേരത്തേ ആരംഭിക്കുന്നതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. തീർത്ഥാടന ദിവസങ്ങളായ ഡിസംബർ 30, 31, ജനുവരി 1 തീയതികളിൽ ശിവഗിരിയിൽ ഭക്തജനങ്ങളുടെ അഭൂതപൂർവ്വമായ തിരക്കൊഴിവാക്കാനും കൂടിയാണിത്. തീർത്ഥാടകർ കഴിവതും നേരത്തെ ശിവഗിരിയിൽ വന്നുപോകാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
തീർത്ഥാടന ദിവസങ്ങളിൽ ചർച്ച ചെയ്യാനായി ഗുരുദേവൻ നിർദ്ദേശിച്ചിട്ടുളള എട്ട് വിഷയങ്ങളെ
ആസ്പദമാക്കി ഡിസംബർ 20 മുതൽ സന്യാസിവര്യന്മാരുടെ നേതൃത്വത്തിൽ ശിവഗിരിയിൽ പ്രഭാഷണപരമ്പരയും ഉണ്ടായിരിക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി പരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി ആത്മപ്രസാദ്, സ്വാമി അനപേക്ഷാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ഗുരുപ്രകാശം, സ്വാമി ശങ്കരാനന്ദ, സ്വാമി ഗോവിന്ദാനന്ദ, അടൂർപ്രകാശ് എം.പി, വി. ജോയി എം.എൽ.എ, വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി, ജില്ലാ പഞ്ചായത്തംഗം ഗീതാനസീർ തുടങ്ങിയവർ പങ്കെടുത്തു.
തീർത്ഥാടന പരിപാടികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയൻ, സ്വാമി വിശുദ്ധാനന്ദ, എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ എന്നിവർ മുഖ്യരക്ഷാധികാരികളും ശിവഗിരിമഠത്തിലെ സന്യാസി വര്യന്മാർ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ബഹിരാകാശ ശാസ്ത്രജ്ഞൻ എം. ചന്ദ്രദത്തൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, അടൂർപ്രകാശ് എം.പി, വി. ജോയി എം.എൽ.എ, നഗരസഭ ചെയർമാൻ കെ.എം. ലാജി എന്നിവർ രക്ഷാധികാരികളുമായി വിപുലമായ ജനറൽ കമ്മിറ്റിയും വിവിധ സബ്ബ്കമ്മിറ്റികളും രൂപീകരിച്ചു. സ്വാമി സച്ചിദാനന്ദ തീർത്ഥാടനകമ്മിറ്റി പ്രസിഡന്റും സ്വാമി ഋതംഭരാനന്ദ ജനറൽ സെക്രട്ടറിയും സ്വാമി ശാരദാനന്ദ ട്രഷററും സ്വാമി ഗുരുപ്രസാദ് സെക്രട്ടറിയുമായിരിക്കും. എം.ഐ. ദാമോദരൻ മുംബയ് ചെയർമാനും ബാബുരാജ് ബഹ്റിൻ വർക്കിംഗ് ചെയർമാനും മുരളീധരൻ മുരളിയാഫൗണ്ടേഷൻ ചീഫ് കോ-ഓർഡിനേറ്ററും ചന്ദ്രബാബു മുംബയ് ജനറൽ കൺവീനറും ടി.വി. രാജേന്ദ്രൻ കോ-ഓർഡിനേറ്ററും ഇ.എം. സോമനാഥൻ പി.ആർ. ഒയും അഡ്വ. എ. മനോജ് ലീഗൽ അഡ്വൈസറുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |