□ആഗോള പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് ഗവർണർ ശ്രീധരൻ പിള്ള
ശിവഗിരി:ശ്രീനാരായണ ഗുരുദേവനാൽ വിരചിതമായ ദൈവദശകം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു.ആത്മീയതയും ഭൗതികതയും ഒരു പോലെ സമന്വയിച്ചിട്ടുള്ള പത്ത് ശ്ളോകങ്ങൾ ഉൾക്കൊള്ളുന്ന മഹത്തായ കാവ്യമാണ് ദൈവദശകമെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ശിവഗിരിയിൽ സംഘടിപ്പിച്ച ആഗോള പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
നവോത്ഥാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്വേഷത്തിന്റെ വിളവെടുപ്പ് നടത്തിയിട്ടില്ലാത്ത സ്ഥിതപ്രജ്ഞനായിരുന്നു ഗുരുദേവൻ. ആത്മീയ പശ്ചാത്തലത്തിലൂടെയാണ് ഗുരുദേവൻ നവോത്ഥാനത്തിന് തുടക്കമിട്ടത്. ഗുരുചിന്തകളിൽ എവിടെയും നിഷേധാത്മകത കാണാനാവില്ല. ആർക്കും എതിരായി ഒന്നും പറയാതെയാണ് അദ്ദേഹം തന്റെ ചിന്താധാര മുന്നോട്ടു വച്ചത്. വിശ്വവിജയിയായ വിശ്വഗുരുവാണ് ശ്രീനാരായണഗുരുദേവൻ. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് പിൽക്കാലത്ത് ഐക്യരാഷ്ട്ര സഭ രേഖപ്പെടുത്തിയിട്ടുള്ള പല കാര്യങ്ങളും ഗുരുദേവ ചിന്തയുടെ അന്തഃസത്ത ഉൾക്കൊള്ളുന്നതാണ്.
വിശ്വമാനവികതയുടെ അടിസ്ഥാനത്തിൽ ലോകക്രമം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ദൂരക്കാഴ്ചയോടെ ഗുരുസന്ദേശം ലോകമെമ്പാടും എത്തിക്കാൻ സന്യാസി സമൂഹം നടത്തുന്ന പരിശ്രമങ്ങൾ സ്വാഗതാർഹമാണ്.അമേരിക്കയിലും ബ്രിട്ടണിലുമടക്കം നിരീശ്വരവാദികളുടെ എണ്ണം വളരെ കൂടുതലാണ്.എന്നാൽ ഗുരുദേവന്റെ നാടായ ഭാരതത്തിൽ നിരീശ്വരവാദികളുടെ എണ്ണം തുലോം തുച്ഛമാണ്.
അടിച്ചമർത്തപ്പെട്ടവരെ പുരോഗതിയിലേക്ക് നയിക്കുന്ന ദർശനമാണ് ഗുരു മാനവലോകത്തിന് നൽകിയതെന്നും ശ്രീധരൻപിള്ള ചൂണ്ടിക്കാട്ടി.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ബെന്നിമാത്യൂസ് ( ഇന്തോനേഷ്യ), ആഗോള പ്രവാസി സംഗമം ചെയർമാൻ കെ.ജി.ബാബുരാജൻ, വൈസ് ചെയർമാന്മാരായ കെ.മുരളീധരൻ, ഡോ.കെ.സുധാകരൻ, ജനറൽ കൺവീനർ എ.വി.അനൂപ്, സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവർ പ്രസംഗിച്ചു.സ്വാമി സച്ചിദാനന്ദ രചിച്ച ദ ലെഗസി ഒഫ് ശ്രീനാരായണഗുരുദേവ്, സ്വാമി സൂക്ഷ്മാനന്ദ രചിച്ച മൈൻഡ് ദ ഗ്യാപ്, സ്വാമി സച്ചിദാനന്ദ രചിച്ച വിശ്വഗുരു എന്ന കൃതിയുടെ ജാപ്പനീസ് പരിഭാഷ തുടങ്ങിയ പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ട്രഷറർ സ്വാമി ശാരദാനന്ദ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |