ശിവഗിരി : ശിവഗിരി മഠത്തിൽ ആഗോളപ്രവാസി സംഗമത്തിന് നാളെ തുടക്കമാകും. വിദേശ രാജ്യങ്ങളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ എത്തിച്ചേരും. ആഗോളതല ഗുരുദേവ പ്രസ്ഥാനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ശിവഗിരി മഠത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു സംഗമം നടക്കുന്നതെന്ന് ശിവഗിരിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ അറിയിച്ചു.
നാളെ പുലർച്ചെ മഹാസമാധിയിലെ പൂജകൾക്കും പ്രാർത്ഥനയ്ക്കും ശേഷം 9 ന് സത്സംഗം, 9.30 ന് രജിസ്ട്രേഷൻ, 10ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിളള സംഗമം ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യാതിഥിയാകും. മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തും. ബഹ്റിൻ ഗവൺമെന്റിന്റെ സാമ്പത്തിക കാര്യ വികസന ബോർഡ് നിയമ ഉപദേഷ്ടാവ് ജനാബ് അമീൻ അൽ- അലാവി വിശിഷ്‌ടാതിഥിയായിരിക്കും. ഗുരുദർശനത്തിന്റെ സാഫല്യത പ്രവാസി സംഗമത്തിലൂടെ എന്ന വിഷയം ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി സൂക്ഷ്‌മാനന്ദ അവതരിപ്പിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറയും. അടൂർ പ്രകാശ് എം.പി, അഡ്വ.വി ജോയ് എം.എൽ.എ, എന്നിവർ ആശംസാപ്രസംഗം നടത്തും. സ്വാമി സച്ചിദാനന്ദ രചിച്ച ദ ലെഗസി ഒഫ് ശ്രീനാരായണ ഗുരുദേവ് , സ്വാമി സൂക്ഷ്‌മാനന്ദ രചിച്ച മൈന്റ് ദ ഗ്യാപ്പ് എന്നീ കൃതികൾ കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി പ്രകാശനം ചെയ്യും. ബെന്നി മാത്യുസ് (ഇൻഡോനേഷ്യ) പ്രവാസി സന്ദേശം നൽകും. കെ.ജി. ബാബുരാജൻ (ബഹ്റിൻ), കെ. മുരളീധരൻ (ദുബായ്), ഡോ.കെ.സുധാകരൻ (യു.എ.ഇ), എ.വി.അനൂപ് (ചെന്നൈ) എന്നിവരും പ്രസംഗിക്കും.
ഉച്ചയ്ക്ക് 2 ന് ശ്രീനാരായണ സിമ്പോസിയം. ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതം പറയും. കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനംചെയ്യും. സി.പി. ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അദ്ധ്യക്ഷത വഹിക്കും. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് വിഷയം അവതരിപ്പിക്കും. നാരായണ ഗുരുകുലത്തിലെ സ്വാമി ത്യാഗീശ്വരൻ അരുവിപ്പുറം ക്ഷേത്രം, മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണങ്ങൾ നടത്തും. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ്‌ചാൻസലർ ഡോ. വി.പി. ജഗതിരാജ്, യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. എം.ജയപ്രകാശ്, ചെമ്പഴന്തി ശ്രീനാരായണ അന്തർദ്ദേശീയ പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ. എസ്. ശിശുപാലൻ, ഗുരുധർമ്മ പ്രചരണസഭാ രജിസ്ട്രാർ കെ.ടി. സുകുമാരൻ, കമാൽ എം. മാക്കിയിൽ പുന്നപ്ര എന്നിവർ ചർച്ചയിൽ പങ്കെടുക്കും. സ്വാമി സച്ചിദാനന്ദ രചിച്ച് സുനിത് മോഹൻ ജപ്പാൻ മൊഴിമാറ്റം ചെയ്‌ത് പ്രസിദ്ധീകരിക്കുന്ന വിശ്വഗുരു സമ്മേളനത്തിൽ പ്രകാശനം ചെയ്യും. സുനിത് മോഹന്റെ മാതാവ് നളിനി മോഹനെ (ഡൽഹി) ആദരിക്കും. ഡോ. സുരേഷ് കുമാർ മധുസൂദനൻ നന്ദി പറയും.
രാത്രി 7ന് ഗ്ലോബൽ പ്രവാസി റൗണ്ട് ടേബിൾ മീറ്റ് നടക്കും. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ സ്വാഗതം പറയും. ഗ്ലോബൽ മീറ്റ് സംഘാടക സമിതി ചെയർമാൻ കെ.ജി. ബാബുരാജൻ (ബഹ്റിൻ) മോഡറേറ്ററാകും. പ്രവാസി സംഗമം ഉദ്ദേശലക്ഷ്യങ്ങൾ സ്വാമി സച്ചി ദാനന്ദയും മാസ്റ്റർ പ്ലാൻ സ്വാമി ശുഭാംഗാനന്ദയും അവതരിപ്പിക്കും. കെ. മുരളീധരൻ (മുരള്യ), സംഗമം ജനറൽ കൺവീനർ ബി. ജയപ്രകാശ്, വൈസ് ചെയർമാൻ ഡോ. കെ. സുധാകരൻ, ഡോ. സുരേഷ്‌കുമാർ മധുസൂദനൻ (സെക്രട്ടറി ജനറൽ, ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേമ്പർ ഒഫ് കൊമേഴ്‌സ്), പ്രദീപ്‌കുമാർ (സേവനം സെന്റർ ദുബായ്), ശ്രീനിവാസൻ (അമേരിക്ക), ദിനേഷ് ബാബു (ചിക്കാഗോ), സതീഷ്ബാബു (കുവൈറ്റ്), അനിൽ തടാലിൽ (ജി.സി. സി കോഓർഡിനേറ്റർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
17 ന് രാവിലെ മഹാസമാധിയിലെ വിശേഷാൽ ചടങ്ങുകൾ, 10ന് ആലുവ സർവമത സമ്മേളനം ശതാബ്‌ദി സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ സ്വാഗതം പറയും. ധർമ്മസംഘം മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ വിശിഷ്‌ടാതിഥിയായിരിക്കും. വിവിധ മതങ്ങളെ പ്രതിനിധീകരിച്ച് സ്വാമി വിവിക്താനന്ദ സരസ്വതി (ചിന്മയ മിഷൻ), സ്വാമി ആത്മചൈതന്യ (ശാന്തി മഠം കോഴിക്കോട്, ഹിന്ദുമതം), ഫാദർ കോശി ജോർജ് വരിഞ്ഞവിള (ക്രിസ്‌തുമതം), ഫൈസി ഓണമ്പിള്ളി (ഇസ്‌ലാം മതം), തിയോസഫിക്കൽ സൊസൈറ്റി സെക്രട്ടറി ദിനകരൻ (ബ്രഹ്മസമാജം), കമലാനരേന്ദ്രഭൂഷൺ (ആര്യസമാജം), മറിയം ഇമ്മാനുവൽ മഞ്ജുഷ (യഹൂദ മതം), ഡോ. അജയ് ശേഖർ (ബുദ്ധസമാജം) എന്നിവർ പ്രസംഗിക്കും. 1969 ൽ ശാസ്താംകോട്ടയിൽ നടന്ന സർവ്വ മതസമ്മേളനത്തിൽ പങ്കെടുത്ത ഫാദർ ജസ്റ്റീൻ പനയ്ക്കൽ, കൊച്ചി ആലുവ സമ്മേളനത്തിന്റെ 50, 75, 100-ാം വാർഷികവേളകളിൽ സംബന്ധിച്ച വി. ഡി. രാജൻ എന്നിവരെ ആദരിക്കും. സ്വാമി ബോധിതീർത്ഥ നന്ദി പറയും.
ഉച്ചയ്ക്ക് 2ന് സമാപന സമ്മേളനം കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും. വി.ഡി.സതീശൻ അദ്ധ്യക്ഷത വഹിക്കും. ഡോ. പി. ചന്ദ്രമോഹൻ, ശ്രീനാരായണ ആഗോള കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ടി.എസ്. ഹരീഷ് കുമാർ, വൈ.എ. റഹിം (ഇന്ത്യൻ അസോസിയേഷൻ, ദുബായ്), ഡോ. കെ. സുധാകരൻ (ദുബായ്), നെടുംകുന്നം ഗോപാലകൃഷ്ണൻ, രാജേന്ദ്ര ബാബു (ശ്രീനാരായണ കോൺഫെഡറേഷൻ, ഹൈദരാബാദ്), മുനിസിപ്പൽ ചെയർമാൻ കെ. എം. ലാജി, ജി.ഡി.പി.എസ്. മാതൃസഭാ പ്രസിഡന്റ് ഡോ. അനിത ശേഖർ, അനിൽ തടാലിൽ എന്നിവർ പ്രസംഗിക്കും. ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നന്ദി പറയും.
ഫോട്ടോ: ആഗോള പ്രവാസി സംഗമവുമായി ബന്ധപ്പെട്ട് ശിവഗിരിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സ്വാമി സച്ചിദാനന്ദ സംസാരിക്കുന്നു. സ്വാമി ശാരദാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി അസംഗാനന്ദഗിരി, സംഗമം ജനറൽ കൺവീനർ ബി.ജയപ്രകാശ് എന്നിവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |