ശിവഗിരി : ലോകത്തിനു മുഴുവൻ വെളിച്ചം നല്കുന്നതാണ് ശ്രീനാരായണ ഗുരുദേവസന്ദേശമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. ആഗോള പ്രവാസി സംഗമത്തിന്റെ ഭാഗമായി 'ഗുരുദേവ ഫിലോസഫി ഈസ് എ ഗൈഡ് ഫോർ വേൾഡ് പീസ് "എന്ന വിഷയത്തിൽ നടന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള അംബാസഡർമാരായി ഓരോ പ്രവാസിയും മാറണം. ഗുരു ഉപദേശിച്ച തീർത്ഥാടന അഷ്ടലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് നരേന്ദ്രമോദി സർക്കാരിന്റെ വിവിധ പദ്ധതികളെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ്ചാൻസലർ ഡോ. വി.പി. ജഗതിരാജ് അദ്ധ്യക്ഷത വഹിച്ചു. നാരായണ ഗുരുകുലത്തിലെ സ്വാമി ത്യാഗീശ്വരൻ, അരുവിപ്പുറം ക്ഷേത്രം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കെ.ജി. ബാബുരാജൻ (ബഹ്റിൻ), ടി.ടി.യേശുദാസ് ( യു.എ.ഇ), ഗുരുധർമ്മ പ്രചരണസഭ രജിസ്ട്രാർ കെ.ടി. സുകുമാരൻ, നളിനി മോഹൻ എന്നിവർ പങ്കെടുത്തു. ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും ഡോ. സുരേഷ് കുമാർ മധുസൂദനൻ നന്ദിയും പറഞ്ഞു.
ശിവഗിരിയിൽഇന്ന്
ആഗോള പ്രവാസി സംഗമത്തിന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ മഹാസമാധിയിലെ വിശേഷാൽ ചടങ്ങുകൾ, 10ന് ആലുവ സർവമത സമ്മേളന ശതാബ്ദി സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ സ്വാഗതം പറയും. ധർമ്മസംഘം മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ വിശിഷ്ടാതിഥിയായിരിക്കും. വിവിധ മതങ്ങളെ പ്രതിനിധീകരിച്ച് സ്വാമി വിവിക്താനന്ദ സരസ്വതി (ചിന്മയ മിഷൻ), സ്വാമി ആത്മചൈതന്യ (ശാന്തി മഠം കോഴിക്കോട്, ഹിന്ദുമതം), ഫാദർ കോശി ജോർജ് വരിഞ്ഞവിള (ക്രിസ്തുമതം), ഫൈസി ഓണമ്പിള്ളി (ഇസ്ലാം മതം), തിയോസഫിക്കൽ സൊസൈറ്റി സെക്രട്ടറി ദിനകരൻ (ബ്രഹ്മസമാജം), കമലാ നരേന്ദ്രഭൂഷൺ (ആര്യസമാജം), മറിയം ഇമ്മാനുവൽ മഞ്ജുഷ (യഹൂദ മതം), ഡോ. അജയ് ശേഖർ (ബുദ്ധസമാജം) എന്നിവർ പ്രസംഗിക്കും. 1969 ൽ ശാസ്താംകോട്ടയിൽ നടന്ന സർവ്വ മതസമ്മേളനത്തിൽ പങ്കെടുത്ത ഫാദർ ജസ്റ്റീൻ പനയ്ക്കൽ, കൊച്ചി ആലുവ സമ്മേളനത്തിന്റെ 50, 75, 100-ാം വാർഷികവേളകളിൽ സംബന്ധിച്ച വി. ഡി. രാജൻ എന്നിവരെ ആദരിക്കും. സ്വാമി ബോധിതീർത്ഥ നന്ദി പറയും. ഉച്ചയ്ക്ക് 2ന് നടക്കുന്ന സമാപന സമ്മേളനം വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ഡോ. പി. ചന്ദ്രമോഹൻ, ശ്രീനാരായണ ആഗോള കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ടി.എസ്. ഹരീഷ് കുമാർ, വൈ.എ. റഹിം (ഇന്ത്യൻ അസോസിയേഷൻ, ദുബായ്), ഡോ. കെ. സുധാകരൻ (ദുബായ്), നെടുംകുന്നം ഗോപാലകൃഷ്ണൻ, രാജേന്ദ്ര ബാബു (ശ്രീനാരായണ കോൺഫെഡറേഷൻ, ഹൈദരാബാദ്), മുനിസിപ്പൽ ചെയർമാൻ കെ. എം. ലാജി, ജി.ഡി.പി.എസ്. മാതൃസഭാ പ്രസിഡന്റ് ഡോ. അനിത ശേഖർ, അനിൽ തടാലിൽ എന്നിവർ സംസാരിക്കും. ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നന്ദി പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |