ശിവഗിരി: കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രസന്നിധിയിൽ നിന്നുളള ശിവഗിരി തീർത്ഥാടനത്തിന്റെ ഔദ്യോഗിക പദയാത്രയ്ക്കും ,ആർ.ശങ്കറുടെ ജന്മഗ്രാമമായ പുത്തൂരിലെ പെരിങ്ങോട്ടപ്പൻ മഹാദേവക്ഷേത്ര സന്നിധിയിൽ നിന്നുളള പദയാത്രയ്ക്കും മലങ്കര ഓർത്തഡോക്സ് സഭ പരമാദ്ധ്യക്ഷൻ പരിശുദ്ധ കത്തോലിക്ക ബാബയുടെ നേരിട്ടുളള ഭരണത്തിലുളള കൊല്ലംമീയണ്ണൂർ വരിഞ്ഞവിള സെന്റ്ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പളളിയിൽ ഭക്തിസാന്ദ്രമായ വരവേല്പ് നൽകി.
ഇടവകവികാരിയും സ്കൂൾ മാനേജരുമായ ഫാദർ കോശി ജോർജ്ജ് വരിഞ്ഞവിളയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. സെന്റ്മേരീസ് സെൻട്രൽ സ്കൂളിൽ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ തീർത്ഥാടകർക്ക് ഉച്ചഭക്ഷണം നൽകി. തുടർന്ന് ഫാദർ കോശി ജോർജ് വരിഞ്ഞവിളയുടെ അദ്ധ്യക്ഷതയിൽ ശിവഗിരി തീർത്ഥാടക സംഗമവും മതസാഹോദര്യ സമ്മേളനവും നടന്നു. സി.എസ്.ഐ സഭ കൊല്ലം ബിഷപ്പ് ഡോ.ഉമ്മൻ ജോർജ് ഉദ്ഘാടനം ചെയ്തു. കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, സംഘാടക സമിതിയുടെ പ്രസിഡന്റ് ബിനു കോശി, ജനറൽ സെക്രട്ടറി എൻ.ജയചന്ദ്രൻ, സെക്രട്ടറി റോബിൻ ജോർജ്, പദയാത്ര ക്യാപ്റ്റന്മാരായ എഴുകോൺ രാജ്മോഹൻ, പ്രകാശ്.കെ.സി, ശ്രീരാജ് നമ്പൂതിരി, ഉഷാകുമാരി, സൂസൻ കോശി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |