കോഴിക്കോട്: പള്ളുരുത്തി സെന്റ് റീത്താസ് പബ്ളിക് സ്‌കൂളിലെ ശിരോവസ്ത്ര (ഹിജാബ്) വിവാദവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനിക്ക് മാനസിക സംഘർഷത്തിന്റെ പേരിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം സ്‌കൂൾ അധികൃതർക്കായിരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ശിരോവസ്ത്രം ധരിച്ചുനിൽക്കുന്ന അദ്ധ്യാപികയാണ് കുട്ടി ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞത്. അതാണ് വലിയ വിരോധാഭാസം.
കുട്ടിക്ക് സ്‌കൂളിൽ പഠിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്തുകൊണ്ടാണ് കുട്ടി സ്‌കൂൾ വിട്ടുപോകുന്നത് എന്നത് പരിശോധിക്കേണ്ടതാണ്. അതിനു കാരണക്കാരായവർ തീർച്ചയായും സർക്കാരിനോടു മറുപടി പറയേണ്ടിവരും. ഒരു കുട്ടിയുടെ പ്രശ്നമാണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാട്. വാശിയും വൈരാഗ്യവും മാറ്റിവച്ച് കുട്ടിയെ ഉൾക്കൊണ്ടുപോകാൻ തയ്യാറാകണം.
യൂണിഫോമിന്റെ കാര്യത്തിൽ വീട്ടുവീഴ്ച ആവശ്യമില്ല. സ്‌കൂളിന് പ്രശ്നം മാന്യമായി പരിഹരിക്കാൻ അവസരമുണ്ടായിരുന്നു. പ്രശ്നം വഷളാക്കി നീട്ടിക്കൊണ്ടുപോയതാണ്. കഴിഞ്ഞ ദിവസം പി.ടി.എ പ്രസിഡന്റും പ്രിൻസിപ്പലും പ്രതിപക്ഷനേതാവിന്റെ ഓഫീസിൽ ഉണ്ടായിരുന്ന ഒരു അഡ്വക്കേറ്റും ധിക്കാരത്തോടെ സംസാരിക്കുന്നത് കണ്ടു. ലീഗൽ അഡ്വൈസർക്ക് സ്‌കൂളിന്റെ കാര്യം പറയാൻ അവകാശമില്ല. നിയമപരമായ കാര്യം കോടതിയിൽ പറഞ്ഞാൽ മതി.
സ്‌കൂളുകൾക്ക് അനുവാദം നൽകുന്നതും അംഗീകാരം പിൻവലിക്കുന്നതും സംബന്ധിച്ച് കെ.ഇ.ആറിൽ വ്യക്തമായി പറയുന്നുണ്ട്. ഏതെങ്കിലും മാനേജ്മെന്റ് സ്വന്തമായി വിദ്യാഭ്യാസ അധികാരം ഏറ്റെടുത്ത് ഭരണം നടത്തിയാൽ നോക്കി നിൽക്കില്ല.
ഡി.ഇ.ഒ നോട്ടീസിന് സ്റ്റേ ഇല്ല
കൊച്ചി: ശിരോവസ്ത്ര വിവാദത്തിൽ സ്‌കൂൾ അധികൃതരുടെ വീഴ്ച ചൂണ്ടിക്കാട്ടി എറണാകുളം ഡി.ഇ.ഒ നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂൾ മാനേജർ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുൺ സർക്കാരിന്റെയടക്കം വിശദീകരണം തേടി. എന്നാൽ, നോട്ടീസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം അനുവദിച്ചില്ല. ഹർജി 24ന് വീണ്ടും പരിഗണിക്കും. സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂൾ ആയതിനാൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് പരിശോധന നടത്താനും നിർദ്ദേശങ്ങൾ നൽകാനും അധികാരമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സ്കൂൾ മാറുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പിതാവ് അതേസമയം ഹിജാബ് പ്രശ്നത്തിൽ വിദ്യാർത്ഥിനി ഇന്നലെയും സ്‌കൂളിലെത്തിയില്ല. സ്കൂൾ മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ കുട്ടിയെ ഇരുകൈകളുംനീട്ടി സ്വീകരിക്കുമെന്ന് പ്രധാനദ്ധ്യാപിക സിസ്റ്റർ ഹെലീന പറഞ്ഞു. സ്കൂൾ അധികൃതർ ഹൈക്കോടതിയിൽ നൽകിയ കേസിന്റെ വിധി വന്നശേഷമേ സ്കൂൾ മാറുന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് പിതാവ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |