തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത വിദേശമദ്യ ഉപഭോക്താക്കളെ കുപ്പിയിലിറക്കിയ ബെവ്കോ അവരെ സഞ്ചിയിലുമാക്കി.
251 % നികുതി ഈടാക്കിയശേഷം 20 രൂപ ഡെപ്പോസിറ്രുകൂടി വാങ്ങി നൽകുന്ന മദ്യം പൊതിഞ്ഞുകൊണ്ടുപോകാൻ പേപ്പർ ചോദിച്ചാൽ സഞ്ചി തരും. പക്ഷേ, വലിയ സഞ്ചിക്ക് 20 ഉം ചെറുതിന് 15 ഉം രൂപ നൽകണം!
കഴിഞ്ഞ സാമ്പത്തിക വർഷം 18,000 കോടി നികുതി വരുമാനം സർക്കാരിന് നൽകിയ മദ്യ ഉപഭോക്താക്കളെയാണ് വീണ്ടും ഞെക്കിപ്പിഴിയുന്നത്. മദ്യം പൊതിഞ്ഞു കൊടുക്കാൻ ഓരോ ഷോപ്പിലെയും വില്പനയ്ക്ക് അനുസരിച്ച് പേപ്പർ വാങ്ങാൻ നൽകിയിരുന്ന ഫണ്ട് നിറുത്തലാക്കി. പ്രതിദിനം 10 ലക്ഷം വരെ വില്പനയുള്ള ഷോപ്പിന് മാസം 2000 രൂപയും 10 മുതൽ 20 ലക്ഷം വരെ 3000 രൂപയും ക്രമത്തിലാണ് പേപ്പറിന് പണം നൽകിയിരുന്നത്. ടെൻഡർ പ്രകാരം ബെവ്കോ വാങ്ങിയിട്ടുള്ള തുണിസഞ്ചി വെയർഹൗസുകളിൽ നിന്നാണ് ഷോപ്പുകൾക്ക് നൽകുന്നത്. 500 രൂപ വിലയുള്ള അര ലിറ്ററിന്റെ മദ്യം വാങ്ങുന്നയാൾ പ്ലാസ്റ്റിക് കുപ്പിയുടെ ഡെപ്പോസിറ്റും സഞ്ചിവിലയുമുൾപ്പെടെ 540 രൂപ നൽകണം. പ്ളാസ്റ്രിക് കുപ്പികളിൽ വരുന്ന മറ്റൊരു പാനീയത്തിനും ഈ അധിക ബാദ്ധ്യതയില്ല.
കുപ്പി ഡെപ്പോസിറ്റിൽ
ഒന്നരക്കോടി കീശയിലാക്കി
കുപ്പി തിരിച്ചു നൽകിയാൽ വാങ്ങിയ 20 രൂപ തിരിച്ചു നൽകുമെന്ന പദ്ധതി പ്രകാരം ഒരു മാസത്തിനിടെ വെബ്കോയുടെ പോക്കറ്റിലായത് 1,51,79,600 രൂപ. കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ 20 ഷോപ്പുകളിൽ മാത്രമാണ് ആദ്യഘട്ടമായി കുപ്പി തിരിച്ചെടുക്കൽ സെപ്തംബർ 10 ന് തുടങ്ങിയത്. ഒരു മാസത്തിനുള്ളിൽ തിരിച്ചെത്തിയത് 50.25 % കുപ്പികൾ മാത്രം. ബാക്കി 49.75 % കുപ്പികളുടെ ഡെപ്പോസിറ്റാണ് ബെവ്കോയുടെ പോക്കറ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |