പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കവർച്ചാകേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് പത്തനംതിട്ട എആർ ക്യാമ്പിൽ പുറത്തുനിന്ന് ഭക്ഷണം വാങ്ങി നൽകിയെന്ന് ആരോപണം. ഉച്ചഭക്ഷണത്തിനൊപ്പം പോറ്റി തൈര് ആവശ്യപ്പെട്ടെന്നും എആർ ക്യാമ്പ് ക്യാന്റീനിലെ ജീവനക്കാരൻ പുറത്തുനിന്ന് അതുവാങ്ങി നൽകിയെന്നുമാണ് ആരോപണം. കസ്റ്റഡിയിൽ കഴിയുന്ന പ്രതിക്ക് പുറമേനിന്നുള്ള ആഹാരം നൽകുന്നത് ഗുരുതര സുരക്ഷാവീഴ്ചയാണ്. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ ജീവനക്കാരനോട് ക്ഷുഭിതരായി എന്നാണ് റിപ്പോർട്ട്. എന്നാൽ പുറത്തുനിന്ന് വാങ്ങിയ തൈര് ഉപയോഗിച്ചില്ലെന്നും അത് തിരികെ നൽകിയെന്നുമാണ് ചിലർ വ്യക്തമാക്കുന്നത്.
അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്നലെയാണ് കോടതി പതിനാലുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. രഹസ്യമായിട്ടായിരുന്നു കോടതി നടപടികൾ. അഭിഭാഷകരെ ഉൾപ്പെടെ പുറത്തിറക്കിയിരുന്നു. മാത്രമല്ല നടപടികൾ മുഴുവൻ വീഡിയോയിലാക്കുകയും ചെയ്തു. നടപടികൾക്കുശേഷം പുറത്തേക്കിറക്കുമ്പോൾ പോറ്റിക്കുനേരെ ചെരിപ്പേറും ഉണ്ടായി.
'' എന്നെ കുടുക്കിയവർ നിയമത്തിന് മുന്നിൽ വരും" എന്നാണ് മാദ്ധ്യമങ്ങളോട് പോറ്റി പ്രതികരിച്ചത്.ദേവസ്വത്തിലെ ഉന്നതരുടെ അറിവോടെയും സമ്മതത്തോടെയും കൂടിയാണ് സ്വർണം കവർന്നെന്നാണ് മൊഴി. ഇതിനുള്ള തെളിവുകൾ കിട്ടിയിട്ടുണ്ട്. സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറാൻ വ്യാജരേഖ ചമച്ചതടക്കം ഗുരുതര കുറ്റങ്ങളുടെ തെളിവുകളാണിത്.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് സ്വർണം പൂശലിനു ശേഷം ബാക്കിവന്ന 474.9 ഗ്രാം സ്വർണം കൈപ്പറ്റിയ പോറ്റിയുടെ കൂട്ടാളി കൽപ്പേഷിന് ഹാജരാവാൻ നോട്ടീസ് നൽകിയതായാണ് സൂചന.
സ്വർണപ്പാളികൾ ബംഗളുരുവിലേക്കും പിന്നീട് ചെന്നൈയിലേക്കും കൊണ്ടുപോയതിലും കൽപ്പേഷിന് പങ്കുണ്ട്. ചെമ്പാണെന്ന് രേഖ ചമച്ച അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും ഉടൻ അറസ്റ്റ് ചെയ്തേക്കും. 9 ഉദ്യോഗസ്ഥരെയാണ് പ്രതികളാക്കിയിരിക്കുന്നത്. പോറ്റിയെ ചെന്നൈ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |