കൊല്ലം: വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വമ്പന്‍ പദ്ധതിയായ വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ വികസന തിക്രോണത്തിനായി ജില്ലയില്‍ ഭൂമി കണ്ടെത്താന്‍ ശ്രമം തുടങ്ങി. വിഴിഞ്ഞം തുറമുഖം വഴി കയറ്റുമതി ചെയ്ത് വരുമാനം നേടാവുന്ന വ്യവസായ സംരംഭങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വികസന ത്രികോണത്തിന്റെ ഭാഗമായി വിവിധ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അനുയോജ്യമായ പുറമ്പോക്ക് ഭൂമി കണ്ടെത്താന്‍ സര്‍ക്കാര്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന് പുറമേ തിരുവനന്തപുരം- കണ്ണൂര്‍ ഐ.ടി കോറിഡോര്‍ പദ്ധതിക്കായി കെ.എസ്.ഐ.ടി.ഐ.എല്‍ ജില്ലയില്‍ കണ്ടെത്തിയ ഭൂമിയുടെ പട്ടികയും ജില്ലാ ഭരണകൂടത്തിന് കൈമാറി. പ്രാഥമിക പരിശോധനയില്‍ പദ്ധതിക്ക് അനുയോജ്യമായ പുറമ്പോക്ക് ഭൂമി കാര്യമായി ജില്ലയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ദേശീയപാത 66ന്റെ ഓരത്തും സമീപത്തുമായി ആറ് വില്ലേജുകളിലുള്ള എട്ട് ഭൂമികളുടെ പട്ടികയാണ് കെ.എസ്.ഐ.ടി.ഐ.എല്‍ കൈമാറിയിട്ടുള്ളത്. ഇതില്‍ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളുമുണ്ട്. ഈ ഭൂമികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം വില്ലേജ് ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയപാത 66ന് പുറമേ, കൊല്ലം- തിരുമംഗലം ദേശീയപാത, കൊല്ലം - തിരുവനന്തപുരം റെയില്‍പാത, കൊല്ലം- ചെങ്കോട്ട റെയില്‍പാത, നിര്‍ദ്ദിഷ്ട കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ, മലയോര, ഹൈവേ, നിര്‍ദ്ദിഷ്ട തീരദേശ ഹൈവേ എന്നീ പാതകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് വികസന ത്രികോണ പദ്ധതി. അതുകൊണ്ട് തന്നെ ഈ പാതകളുടെ സമീപമുള്ള ഭൂമികളും പരിശോധിക്കും. അതിനായി രണ്ട് ദിവസത്തിനകം കളക്ടറുടെ അദ്ധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരും.
ലക്ഷ്യം കയറ്റുമതി
സമുദ്രോത്പന്ന സംസ്‌കരണം
കാര്‍ഷിക വിളകളുടെ സംസ്‌കരണം
ഐ.ടി സംരംഭങ്ങള്‍
മെഡിക്കല്‍ ടൂറിസം
അസംബ്ലിംഗ് യൂണിറ്റുകള്‍
ഗോഡൗണുകള്‍
വികസന ത്രികോണത്തിന്റെ ഭാഗമായി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അനുയോജ്യമായ ഭൂമി കണ്ടെത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട യോഗം വൈകാതെ ചേരും. - ജില്ലാ ഭരണകൂടം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |