
ശിവഗിരി: ഏറ്റവും കൂടുതൽ ചൂഷണവും അനാചാരങ്ങളും നടക്കുന്നത് ഭക്തിയുടെ പേരിലാണെന്ന് കൊളത്തൂർ അദ്വൈതാശ്രമം അദ്ധ്യക്ഷൻ സ്വാമി ചിദാനന്ദപുരി പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ആത്മീയത ജീവിതത്തിന്റെ ലക്ഷ്യവും മാർഗ്ഗവും എന്ന വിഷയത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈശ്വരനോടുള്ള പരമമായ പ്രേമമാണ് ഭക്തി. ഈശ്വരൻ ഭക്തനിൽ നിന്നും അകലെയല്ല. ഈശ്വരഭക്തി സേവനങ്ങൾക്ക് പ്രേരിപ്പിക്കും. അത് വിശക്കുന്നവന് ഭക്ഷണമായും രോഗികൾക്ക് മരുന്നായും മാറും. ലോകത്തിന്റെ പാരസ്പര്യത്തെക്കുറിച്ചുള്ള ധാരണ ഓരോ മനുഷ്യനിലും ഭക്തി സൃഷ്ടിക്കും. ഭക്തന്മാർക്കിടയിൽ ജാതിയുടെയോ മതത്തിന്റെയോ സമ്പത്തിന്റെയോ ഭേദങ്ങളുണ്ടാകില്ലെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.
ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി തപസ്യാമൃതാനന്ദപുരി, വർക്കല നാരായണഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വര എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. വാഴൂർ ശ്രീതീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദതീർത്ഥ, ചിന്മയ മിഷൻ കേരള ഘടകം അദ്ധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി, വൺവേൾഡ് സ്കൂൾ ഒഫ് വേദാന്ത ഡയറക്ടർ സ്വാമി മുക്താനന്ദയതി, പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി നന്ദാത്മജാനന്ദ, സംബോധ് ഫൗണ്ടേഷൻ മുഖ്യാചാര്യൻ അദ്ധ്യാത്മാനന്ദ സരസ്വതി എന്നിവർ പ്രഭാഷണം നടത്തി. എറണാകുളം ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതവും ശിവഗിരി മാസിക മാനേജർ സ്വാമി സുരേശ്വരാനന്ദ നന്ദിയും പറഞ്ഞു.
ബാഹ്യമായി ത്വജിക്കുന്നതിൽ അർത്ഥമില്ല
എന്തും ബാഹ്യമായി ത്വജിക്കാമെന്നും മനസുകൊണ്ട് ത്വജിക്കുന്നതാണ് പ്രധാനമെന്നും സ്വാമി തപസ്യാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. ശരീരംകൊണ്ട് ഏത് പ്രവൃത്തി ചെയ്താലും അതിന് പിറകിൽ മനസുള്ളതുകൊണ്ടാണ് കർമ്മമായി മാറുന്നത്. കർമ്മം യോഗമാകാതെ അനുഷ്ഠിച്ചാൽ ആഗ്രഹങ്ങളുണ്ടാകും. അത് കൂടുതൽ കർമ്മബന്ധനങ്ങളിലേക്ക് നയിക്കും. ഈ കർമ്മബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കാനാണ് ഈശ്വരൻ ഗുരുവായി പിറവിയെടുക്കുന്നത്. അത്തരത്തിലുള്ള ഈശ്വരാവതാരമാണ് ശ്രീനാരായണ ഗുരുദേവൻ.
ഗുരുദേവനെ പൂർണമായി അറിയാനാകില്ലെന്ന് വർക്കല നാരായണഗുരുകുലം സ്വാമി ത്യാഗീശ്വര അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു.
മുകളിലേക്ക് നോക്കുമ്പോൾ കാണുന്ന ആകാശം പോലെയാണ് ശ്രീനാരായണ ഗുരുദേവൻ. മുന്നോട്ട് നടക്കുന്തോറും ആകാശവും നീളും. അതുപോലെ അറിയുന്തോറും അറിയാനേറെയായി ഗുരുദേവൻ വീണ്ടും ബാക്കിനിൽക്കും.
തീർത്ഥാടന ഘോഷയാത്ര ഇന്ന്
ശിവഗിരി: തീർത്ഥാടന ഘോഷയാത്ര ഇന്ന് വെളുപ്പിന് 5.30ന് മഹാസമാധി സന്നിധിയിൽ നിന്ന് പുറപ്പെടും. ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ തിരുവെഴുന്നള്ളത്ത് എന്ന സങ്കല്പത്തോടെയാണ് ഘോഷയാത്ര നടക്കുന്നത്. ഗുരുദേവൻ സഞ്ചരിച്ച റിക്ഷയിൽ ഗുരുദേവസ്വരൂപം വച്ച് ശിവഗിരിമഠത്തിലെ സന്യാസിശ്രേഷ്ഠരും ബ്രഹ്മചാരികളും ചേർന്ന് റിക്ഷയെ നയിക്കും. പീതാംബരധാരികളായ തീർത്ഥാടകർ ഓം നമോ നാരായണായ നാമജപത്തോടെ ഗുരുദേവറിക്ഷക്ക് അകമ്പടി സേവിക്കും.
സേവനം യു.എ.ഇ, ഗുരുദേവ സോഷ്യൽ സൊസൈറ്റി ബഹ്റിൻ, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ബഹ്റിൻ, കുവൈറ്റ് സാരഥി എന്നിവിടങ്ങളിൽ നിന്നും കൊണ്ടുവന്ന ധർമ്മപതാകകൾ ഘോഷയാത്രയിൽ അണിനിരക്കും. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നു വന്നുചേർന്ന ചെറുതും വലുതുമായ ഒട്ടനവധി പദയാത്രകളും ഘോഷയാത്രയോടൊപ്പം നഗര പ്രദക്ഷിണത്തിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |