
തിരുവനന്തപുരം; വിവിധ വകുപ്പുകളിലെ തസ്തികകളിൽ ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ നിയമനം നേടുന്നവർക്ക് 10 വർഷത്തേക്ക് ജില്ല മാറിയുള്ള സ്ഥലം മാറ്റമില്ല. ഈ ജില്ലകൾ തിരഞ്ഞെടുത്ത് പരീക്ഷയെഴുതി നിയമനം നേടിയശേഷം സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോകുന്നത് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പുതിയ തീരുമാനത്തോടെ ഈ ജില്ലകളിലെ തദ്ദേശവാസികൾക്ക് കൂടുതലായി ജോലിക്ക് അവസരം നൽകാനും ലക്ഷ്യമിടുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറത്തിറക്കി.
ജില്ലാതല നിയമനങ്ങൾക്കുള്ള പി.എസ്.സി വിജ്ഞാപനങ്ങളിൽ പുതിയ വ്യവസ്ഥ ഉൾപ്പെടുത്തും. ഇതോടെ
ഇടുക്കി, വയനാട്, കാസർകോട് പാക്കേജുകൾ നടപ്പാക്കുന്നതിന് ജീവനക്കാരുടെ കുറവിന് പരിഹാരമാകും.
ജില്ലാതല റാങ്ക്പട്ടികകളിൽനിന്ന് ഈ ജില്ലകളിൽ നിയമനം ലഭിക്കുന്നവർക്ക് കുറഞ്ഞത് പത്തുവർഷത്തേക്ക് വർക്കിംഗ് അറേഞ്ച്‌മെന്റ്, ഡെപ്യൂട്ടേഷൻ, സ്ഥലംമാറ്റം, മ്യൂച്വൽ ട്രാൻസ്ഫർ എന്നിവ അനുവദിക്കില്ല. പരിശീലനസമയത്ത് ഉദ്യോഗാർത്ഥികളിൽനിന്ന് സമ്മതപത്രം എഴുതിവാങ്ങും. ഈ ജില്ലകളിൽ നിയമനം നേടുന്നവരുടെ പ്രൊമോഷനും ഈ ജില്ലകളിൽ തന്നെ നടത്തും .സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയിലൂടെ ഈ ജില്ലകളിൽ നിയമനം ലഭിക്കുന്നവർക്ക് ഒഴിവാക്കാനാവാത്ത മെഡിക്കൽ സാഹചര്യങ്ങളിൽമാത്രമേ അവധി അനുവദിക്കൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |