
കണ്ണൂർ : തളിപ്പറമ്പ് പട്ടുവത്ത് മറ്റൊരു വയോധികയ്ക്ക് കൂടി പാമ്പ് കടിയേറ്റു. കാവുങ്കൽ നമ്പ്രോത്ത് വീട്ടിൽ നാരായണിക്കാണ് (77) വീടിന്റെ പരിസരത്ത് വച്ച് ചുരുട്ട മണ്ഡലിയുടെ കടിയേറ്റത്. ഞായറാഴ്ച വൈകിട്ട് നാലിന് വീട്ടുപരിസരം വൃത്തിയാക്കുകയായിരുന്ന നാരായണിയുടെ കൈക്കാണ് കടിയേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇപ്പോൾ ഇവർ വെന്റിലേറ്ററിലാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിന്റെ പരിസരത്ത് വച്ച് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന തളിപ്പറമ്പ് പട്ടുവം മുതുകുട കല്ലടത്ത് നബീസ (65) ഇന്ന് പുലർച്ചെ മരിച്ചിരുന്നു. കടിച്ചത് ശംഖുവരയൻ പാമ്പാണെന്നാണ് നിഗമനം. വീട്ടിൽ തളർന്നുവീണ നബീസയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആന്റിവെനം നൽകിയിരുന്നു. ഭർത്താവ്: അഹമ്മദ്. മകൾ: ഫാത്തിമ. മരുമകൻ: കബീർ.
ഇടുക്കി തൊടുപുഴ കാഞ്ഞാറിൽ താന്നിയ്ക്കപാറയിൽ പരേതനായ വാസുവിന്റെ ഭാര്യ വിശാലാക്ഷിയും (86),പാമ്പ് കടിയേറ്റ് ഇന്ന് മരിച്ചിരുന്നു. മുറ്റത്തോടു ചേർന്നുള്ള മാവിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു വിശാലാക്ഷിയെ പാമ്പുകടിച്ചത്. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വിശാലാക്ഷി തൊട്ടടുത്ത വീട്ടിലെത്തി വിവരമറിയിച്ച ഉടൻ കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥർ വീടിന്റെ പരിസരത്ത് പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |