തിരുവനന്തപുരം: സോളാർ പവർപ്ലാന്റ്, ഇലക്ട്രിക് പാചക സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്ന അംഗൻജ്യോതി പദ്ധതി സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളിലേക്കും വ്യാപിപ്പിക്കുന്നു. അങ്കണവാടികളെ ഊർജകാര്യക്ഷമതയുള്ളതാക്കുക, കാർബൺ രഹിതമാക്കുക എന്നിവയുടെ ഭാഗമായാണിത്. ഊർജക്ഷമത കൂടിയ ബി.എൽ.ഡി.സി ഫാനുകൾ, എൽ.ഇ.ഡി ബൾബുകൾ, ചൂട് കുറയ്ക്കുന്നതിനുള്ള കൂൾ റൂഫിംഗ്, ഇലക്ട്രിക് ചാർജിംഗ് പോയിന്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഏർപ്പെടുത്തുന്നത്.
മാതൃകാപദ്ധതിയെന്ന നിലയിൽ കഴക്കൂട്ടം, ചിറ്റൂർ നിയമസഭാ മണ്ഡലങ്ങളിലെ 422 അങ്കണവാടികളിലാണ് ആദ്യഘട്ടം നടപ്പിലാക്കിയത്. തുടർന്ന് 91 തദ്ദേശ സ്ഥാപനങ്ങളിലെ 2387 അങ്കണവാടികളിലും നടപ്പാക്കി. ഇത് വിജയമെന്ന് കണ്ടതോടെയാണ് 33,000 അങ്കണവാടികളിലേക്കും വ്യാപിപ്പിക്കുന്നത്. ഊർജവകുപ്പിന് കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്ററാണ് പദ്ധതി നടപ്പാക്കുന്നത്. ഇത്തരമൊരു പദ്ധതി രാജ്യത്ത് ആദ്യമാണ്.
അങ്കണവാടികൾക്ക് കാർബൺ ബഹിർഗമനമില്ലാത്തതും വേഗത്തിൽ പാചകം ചെയ്യാനാകുന്നതുമായ വൈദ്യുത ഇൻഡക്ഷൻ കുക്കർ, ഇഡ്ഡലി കുക്കർ, പ്രഷർ കുക്കർ, മിൽക്ക് കുക്കർ, ഇൻഡക്ഷൻ കുക്കറുകളിൽ ഉപയോഗിക്കാവുന്ന പാത്രങ്ങൾ എന്നിവ വിതരണം ചെയ്യും.
വൈദ്യുതി ലാഭിക്കാം
എല്ലാ അങ്കണവാടികളിലും സോളാർ പ്ളാന്റ് അടക്കം സ്ഥാപിക്കുന്നതിലൂടെ 21 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാനാകും. ഇലക്ട്രിക് പാചക സംവിധാനത്തിലൂടെ 3,761 ടൺ എൽ.പി.ജിയും ലാഭിക്കാം. കാർബൺ ബഹിർഗമനം 64,000 ടൺ ആയി കുറയ്ക്കാനുമാവും. എൽ.പി.ജി ഇനത്തിൽ 29 കോടിയും വൈദ്യുതി ചാർജിനത്തിൽ 13 കോടിയും വാർഷികലാഭമുണ്ടാകും. ജീവനക്കാരുടെ ജോലിഭാരവും ലഘൂകരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |