
കണ്ണൂർ: ''നിങ്ങളുടെ മോൻ അഭിനയിച്ച സിനിമ ലോട്ടസിൽ ഓടുന്നുണ്ട്...'' മകന്റെ സിനിമാപ്രവേശത്തോട് തുടക്കം മുതൽ എതിർപ്പായിരുന്ന ഉണ്ണി സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി തലശേരിയിലെ തിയേറ്ററിലെത്തി. കെ.ജി. ജോർജ് സംവിധാനം ചെയ്ത 'ഇനി അവളുറങ്ങട്ടെ' എന്ന സിനിമയിൽ
സുകുമാരന്റെ ശിങ്കിടിയായി ശ്രീനിയെ കണ്ടു. അച്ഛൻ ഞെട്ടിപ്പോയി. ഒരു പിമ്പ് എന്നു തോന്നുന്ന വേഷം.
ഡിക്ടറ്റീവ് നോവലുകളിൽ ഹരം കൊണ്ടിരുന്ന മകനെ എസ്.കെ. പൊറ്റെക്കാടിന്റേയും മറ്റ് മലയാള സാഹിത്യകാരന്മാരുടെയും കൃതികളിലേക്ക് നയിച്ച പിതാവിന് അത് ഉൾക്കൊള്ളാനായില്ല.
മദ്രാസിൽ ഇതുതന്നെയാണ് മകന്റെ പണിയെന്ന് വിശ്വസിച്ച് തകർന്ന മനസുമായാണ് തീയേറ്ററിൽ നിന്നിറങ്ങിയത്.
അതിനുശേഷം ശ്രീനിവാസന്റെ ഒരു സിനിമയും അച്ഛൻ കണ്ടില്ല. അച്ഛൻ ഇങ്ങനെ തെറ്റിദ്ധരിച്ച കാര്യം സുഹൃത്തുതന്നെയാണ് ശ്രീനിവാസനോട് പറഞ്ഞത്.
അച്ഛൻ അറിയാതെ
മദ്രാസ് യാത്ര
പാട്യം പഞ്ചായത്തിലെ കോങ്ങാറ്റ ഗ്രാമത്തിലെ കൃഷിക്കാരനും കമ്മ്യൂണിസ്റ്റുകാരനും അദ്ധ്യാപകനുമായ ഉണ്ണിക്ക് മകൻ സിനിമയിലേക്ക് പോകുന്നത് ചിന്തിക്കാൻപോലും കഴിഞ്ഞിരുന്നില്ല. വായനയിലും നാടകത്തിലും താൽപ്പര്യ മുണ്ടായിരുന്ന ശ്രീനിവാസൻ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഇന്റർവ്യൂവിന് പോയത് അച്ഛൻ അറിയാതെയായിരുന്നു. വയനാട്ടിലുള്ള സുഹൃത്ത് സുരേഷ്ചന്ദ്രനോട് എഴുപത്തിയഞ്ച് രൂപ കടം വാങ്ങിയായിരുന്നു യാത്ര.
സെലക്ഷൻ കിട്ടിയത് അമ്മയാണ് അച്ഛനോട് പറഞ്ഞത്. അദ്ദേഹത്തിന് അത് ഉൾക്കൊള്ളാനായില്ല.
അച്ഛൻ ജീവിതം സമർപ്പിച്ചത് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനും ജനകീയ പ്രശ്‌നങ്ങൾക്കും വേണ്ടിയായിരുന്നു. പാർട്ടി പ്രവർത്തനത്തിന്റെ പേരിൽ ജയിലിൽ കിടന്നു, ജോലി നഷ്ടപ്പെട്ടു.
കോടതി കേസുകൾ പെരുകിയത് കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. അമ്മയുടെ സ്വർണാഭരണങ്ങൾ വിറ്റുതീർത്തു. അച്ഛൻ നല്ല അഭ്യാസിയും വായനക്കാരനുമായിരുന്നെന്ന് പിണറായി വിജയൻ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്ന് ശ്രീനിവാസൻ എഴുതിയിട്ടുണ്ട്.
ഇൻസ്റ്റിറ്റ്യൂട്ടും മദ്രാസും
വളർത്തിയ ശ്രീനി
മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലം ശ്രീനിവാസൻ എന്ന കലാകാരനെ രൂപപ്പെടുത്തിയതിൽ നിർണായക പങ്കുവഹിച്ചു.
രജനീകാന്തും ചിരഞ്ജീവിയും സീനിയർമാരായിരുന്നു. ശ്രീനിക്ക് അച്ഛൻ പണം അയച്ചുനൽകിയിരുന്നില്ല. ദാരിദ്ര്യവും പരിമിതികളും സഹിച്ചാണ് മുന്നോട്ടുപോയത്.
ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാളികളുടെ ഇൻചാർജ് ആയിരുന്നത് നാട്ടുകാരനായ പ്രഭാകരൻ സാറായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് അവിടെ എത്തിയതും പിന്നീട് സിനിമാരംഗത്തേക്കുള്ള വഴികൾ കണ്ടെത്തിയതും. പ്രഭാകരൻ സാറിന്റെ വീട്ടിൽ താമസിച്ച്, സ്‌ക്രിപ്റ്റ് ട്രാൻസ്ലേഷൻ, ടൈപ്പിംഗ് തുടങ്ങിയവ ചെയ്തു.
കെ.ജി. ജോർജിന്റെ വീട്ടിൽ വച്ച് 'മേള', 'സ്വപ്നാടനം' തുടങ്ങിയ സിനിമകളുടെ സംവാദങ്ങളിൽ പങ്കെടുത്താണ് ചലച്ചിത്രനിർമാണത്തിന്റെ സൂക്ഷ്മ വശങ്ങൾ മനസ്സിലാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |