
കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ കണ്ടനാട്ടെ വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് ഒരു മണിമുതൽ മൂന്നുമണിവരെ എറണാകുളം ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടക്കുക. സിനിമാരംഗത്തെയും പൊതുരംഗത്തെയും പ്രമുഖരടക്കം ഒട്ടനവധിയാളുകളാണ് ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.
ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത.
ശ്രീനിവാസൻ സത്യസന്ധനായ മനുഷ്യനാണെന്ന് നടൻ മണിയൻപിള്ള രാജു. ശ്രീനിവാസൻ എന്നും നമ്മുടെ മനസിൽ നിറഞ്ഞുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനിവാസൻ ആദ്യമായാണ് തന്നെ കരയിപ്പിക്കുന്നതെന്ന് നടി മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിലൂടെയാണ് നടി അനുശോചനക്കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
'കാലാതിവർത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയിൽ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു. അങ്ങനെ, ഒരുതരത്തിൽ അല്ല പലതരത്തിലും തലത്തിലും അദ്ദേഹം കാലത്തെ അതിജീവിക്കുന്നു. വ്യക്തിപരമായ ഓർമകൾ ഒരുപാട്. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്. പക്ഷേ ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തിൽ ഇവിടെ ജീവിക്കും എന്നും വിശ്വസിച്ചു കൊണ്ട് അന്ത്യാഞ്ജലി'- മഞ്ജു വാര്യർ കുറിച്ചു.
ധ്യാൻ ശ്രീനിവാസന്റെ 37-ാം ജന്മദിനത്തിലാണ് ശ്രീനിവാസൻ അന്തരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം ടൗൺ ഹാളിലെത്തി ശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കും.

ശ്രീനിവാസന്റെ ഇളയമകനും നടനുമായ ധ്യാൻ ശ്രീനിവാസൻ കണ്ടനാട്ടെ വീട്ടിലെത്തി. കോഴിക്കോട്ട് സിനിമാചിത്രീകരണത്തിന്റെ തിരക്കിലായിരുന്നു ധ്യാൻ.

നടൻ മമ്മൂട്ടിയും കുടുംബവും ശ്രീനിവാസനെ അവസാനമായി കാണാൻ കണ്ടനാട്ടെ വീട്ടിലെത്തി.
സിനിമയ്ക്കുവേണ്ടി ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്തയാളാണ് ശ്രീനിവാസനെന്ന് നടനും എംഎൽഎയുമായ മുകേഷ്. ഒരു തിരക്കഥ വായിച്ചാൽ പത്ത് ചോദ്യങ്ങളെങ്കിലും ചോദിക്കുന്ന, അതിന് മറുപടി ലഭിച്ചാൽ മാത്രം മുന്നോട്ട് പോകുന്നയാളായിരുന്നു ശ്രീനിവാസനെന്ന് മുകേഷ് അനുസ്മരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ അൽപസമയത്തിനുള്ളിൽ ശ്രീനിവാസന്റെ കണ്ടനാട്ടെ വസതിയിൽ എത്തിച്ചേരും.
നടൻ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തുമണിക്ക് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടക്കും.
നഷ്ടമായത് ആത്മ സുഹൃത്തിനെയെന്ന് നടൻ മോഹൻലാൽ. നാല് പതിറ്റാണ്ടിലേറെയുള്ള ബന്ധമാണെന്നും മോഹൻലാൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികൾക്കായി കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് നടൻ വിനീത് ശ്രീനിവാസൻ പിതാവിന്റെ മരണവാർത്ത അറിയുന്നത്.

ശ്രീനിവാസന്റെ വിയോഗം സിനിമാലോകത്ത് കനത്ത നഷ്ടമാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |