
കൊച്ചി: ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാള സിനിമയ്ക്ക് പുതിയ മുഖശ്രീ പകർന്ന വിഖ്യാത ചലച്ചിത്രകാരൻ ശ്രീനിവാസൻ എല്ലാവരെയും കണ്ണീരണിയിച്ച് മടങ്ങിപ്പോയി. ചിരിയും ചിന്തയും നാട്ടുഭാഷയിൽ ചാലിച്ച് സംഭാഷണകലയെയും നായക സങ്കല്പങ്ങളെയും മാറ്റിയെഴുതിയ ശ്രീനിവാസന്റെ ജീവിതത്തിന് ഇന്നലെ രാവിലെയാണ് തിരശ്ശീല വീണത്. സംസ്കാരം സംസ്ഥാന ബഹുമതികളോടെ ഇന്ന് രാവിലെ 10ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിൽ വീട്ടുവളപ്പിൽ നടക്കും.
മലയാള സിനിമയിൽ അരനൂറ്റാണ്ടോളം പകരം വയ്ക്കാനില്ലാത്ത ബഹുമുഖ പ്രതിഭയായി തിളങ്ങിയ ശ്രീനിവാസൻ 69-ാം വയസിലാണ് അസ്തമിച്ചത്. ഇന്നലെ രാവിലെ എട്ടോടെ ഭാര്യ വിമല പതിവ് ഡയാലിസിസിനായാണ് ഇടപ്പള്ളി അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതിനിടെ ശ്വാസംമുട്ടലും ശാരീരിക അസ്വസ്ഥതയും കടുത്തതിനെത്തുടർന്ന് തൊട്ടടുത്ത തൃപ്പൂണിത്തുറ താലൂക്ക്
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 8.30ന് അന്ത്യം സംഭവിച്ചു.
നടനായും തിരക്കഥാകൃത്തായും സംവിധായകനായും നിർമ്മാതാവായും തിളങ്ങിയ അദ്ദേഹം താരമൂല്യത്തിനപ്പുറത്തേക്ക് മലയാള സിനിമയെ നയിച്ചു. അഞ്ചു വർഷത്തോളമായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. ചെന്നൈയിലേക്ക് പോകാൻ നെടുമ്പാശേരിയിൽ ആയിരുന്ന മൂത്തമകൻ വിനീത് ശ്രീനിവാസൻ ആശുപത്രിയിലെത്തി. ഭൗതിക ദേഹത്തോടൊപ്പം അമ്മയെയും കൂട്ടി കണ്ടനാടുള്ള വസതിയിലേക്ക് പോയി. കോഴിക്കോട് ഷൂട്ടിംഗിലായിരുന്ന ഇളയ മകൻ ധ്യാൻ ശ്രീനിവാസൻ പിന്നാലെ വസതിയിലെത്തി.
2022ൽ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അഞ്ചു വർഷമായി ഡയാലിസിസ് ചെയ്തുവരികയായിരുന്നു. രണ്ടാഴ്ച മുമ്പ് വീണ് ഇടുപ്പെല്ലിന് തകരാർ സംഭവിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് വീട്ടിലെത്തിയത്.
1956 ഏപ്രിൽ ആറിന് കണ്ണൂർ പാട്യത്ത് ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായാണ് ജനനം.
നടനും സംവിധായകനും തിരക്കഥാകൃത്തും ഗായകനുമാണ് മകൻ വിനീത്. നടനും സംവിധായകനുമാണ് ധ്യാൻ. ദിവ്യ നാരായണൻ, അർപ്പിത സെബാസ്റ്റ്യൻ എന്നിവർ മരുമക്കളാണ്.
എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി.രാജീവ്, സജി ചെറിയാൻ, നടൻമാരായ മമ്മൂട്ടി, മോഹൻലാൽ, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
225 ചിത്രങ്ങൾ, 50 ഓളം തിരക്കഥ
#2023ൽ അഭിനയിച്ച കുറുക്കനാണ് റിലീസ് ചെയ്ത അവസാന സിനിമ. 2025 ജൂണിൽ ഓൺലൈൻ റിലീസായ നാൻസിയിലും അഭിനയിച്ചിരുന്നു.
# 225 ചിത്രങ്ങളിൽ അഭിനയിച്ചു. 50 ഓളം തിരക്കഥകളെഴുതി. വടക്കുനോക്കി യന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ സിനിമകൾ സംവിധാനം ചെയ്തു.
# പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമൽ തുടങ്ങിയവരുടെ സിനിമകൾക്ക് തിരക്കഥയെഴുതി.
#വെള്ളാനകളുടെ നാട്, സന്മനസുള്ളവർക്ക് സമാധാനം, ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ്, ടി.പി. ബാലഗോപാലൻ എം.എ, നാടോടിക്കാറ്റ്, സന്ദേശം, വരവേൽപ്പ്, ഉദയനാണ് താരം തുടങ്ങിയ സിനിമകൾ ശ്രീനിവാസനെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമാക്കി.
# ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് സാമൂഹ്യ പ്രസക്തിയുള്ള സിനിമയ്ക്ക് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ചു.
മികച്ച സിനിമയ്ക്കും സംവിധാനത്തിനും തിരക്കഥയ്ക്കും ഉൾപ്പടെ ആറ് സംസ്ഥാന അവാർഡുകളും പനോരമ സെലക്ഷൻ, രാമുകാര്യാട്ട് അവാർഡ് തുടങ്ങിയവും ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |