
കൊല്ലം: ശബരിമല ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ എട്ടാം പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്കുകൂടി നീട്ടി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. സന്നിധാനത്തെ ദ്വാരപാലക ശില്പത്തിലെ സ്വർണം കവർന്ന കേസിൽ ചോദ്യം ചെയ്യലിനായി പത്മകുമാറിനെ കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണസംഘം അതിനിടെ നൽകിയ അപേക്ഷ 8ന് പരിഗണിക്കും. ഈ കേസിൽ പ്രത്യേക അന്വേഷണസംഘം ചൊവ്വാഴ്ച ജയിലിലെത്തി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മൊഴിയുമെടുത്തിരുന്നു.
ദ്വാരപാലക ശില്പക്കേസിൽ പത്മകുമാറിനെ പതിനൊന്നാം പ്രതിയായാണ് ചേർത്തിട്ടുള്ളത്. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ പത്മകുമാർ നൽകിയ ജാമ്യ ഹർജി ഈമാസം എട്ടിന് വിധി പറയാൻ നേരത്തെ മാറ്റിയിരുന്നു. അതിനു മുൻപ് എസ്.ഐ.ടിയോട് റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ കേസിൽ കസ്റ്റഡിക്കുള്ള എസ്.ഐ.ടിയുടെ അപേക്ഷയും അന്നുതന്നെ പരിഗണിക്കുന്നതിനാൽ പത്മകുമാറിന് ജാമ്യം ലഭിക്കാൻ സാദ്ധ്യതയില്ല. ആദ്യ 14 ദിവസത്തെ റിമാൻഡ് കാലാവധി തീർന്നതിനെ തുടർന്ന് പത്മകുമാറിനെ ഇന്നലെ കൊല്ലം വിജിലൻസ് കോടതിയിൽ നേരിട്ട് ഹാജരാക്കിയിരുന്നു.
പോറ്റിക്ക് ലഭിച്ചത് വൻ
സഹായം: കോടതി
കൊച്ചി: പൂജാ ചുമതലയൊന്നും ഇല്ലാതിരുന്നിട്ടും ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ ലഭിച്ചിരുന്നത് വൻ തോക്കുകളുടെ പ്രഭാവലയത്തിൽ നിന്നുള്ള സംരക്ഷണമായിരുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇപ്പോൾ പിടിയിലായവർക്കു പുറമേ ഈ വൻ തോക്കുകളെയും കണ്ടെത്തണമെന്ന്, പ്രതികളായ എസ്. ജയശ്രീയുടെയും എസ്. ശ്രീകുമാറിന്റെയും മുൻകൂർ ജാമ്യ ഹർജി തളളിയ ഉത്തരവിൽ ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു. സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ സൗകര്യം ഒരുക്കി നൽകിയവരിലേക്കാണ് ഹൈക്കോടതി വിരൽ ചൂണ്ടുന്നത്. നിലവിൽ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി വ്യക്തമാക്കി. ദ്വാരപാലക ശില്പങ്ങൾ സ്വർണം പൊതിഞ്ഞതാണെന്നും വീണ്ടും പൂശേണ്ടതില്ലെന്നും എല്ലാവർക്കും അറിയാമായിരുന്നു. ഇത് അറിഞ്ഞുകൊണ്ടുതന്നെയാണ് ദ്വാരപാലക ശില്പങ്ങൾ കൈമാറാൻ അനുമതി നൽകിയത്. കുറ്റകൃത്യത്തിൽ പങ്കില്ലായിരുന്നെങ്കിൽ ഇത് കൈമാറാൻ ചുമതലയുള്ളവർ അനുവദിക്കുമായിരുന്നില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |