തിരുവനന്തപുരം:വിദ്യാർത്ഥികൾക്ക് ആശ്വാസമായി എസ്.എസ്.എൽ.സി ആദ്യപരീക്ഷയായ ഒന്നാംപേപ്പർ മലയാളം. കേരളപാഠാവലിയിലെ 14 പാഠങ്ങളിൽനിന്നും ചോദ്യങ്ങളുണ്ടായിരുന്നു. ആസ്വാദനം,പ്രഭാഷണം,കഥാപാത്രനിരൂപണം, താരതമ്യക്കുറിപ്പ്, കാവ്യഭംഗി കണ്ടെത്തൽ, സ്വാഭിപ്രായപ്രകടനം, വിശകലനക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയവയുൾപ്പെട്ടതായിരുന്നു നാല്, ആറ് മാർക്ക് ചോദ്യങ്ങൾ.
ഒരു മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും ലളിതമായിരുന്നു. വയലാറിന്റെ കവിതയായ അശ്വമേധത്തിലെ ചോദ്യം ആശയം ഹൃദിസ്ഥമാക്കിയവർക്കെഴുതാം.
ഒ.വി.വിജയന്റെ കടൽത്തീരത്തിലെ വെള്ളായിയപ്പന്റെ നിസ്സഹായാവസ്ഥയും മകനുവേണ്ടി കൊണ്ടുപോകുന്ന പൊതിച്ചോറിനെക്കുറിച്ചുള്ള പരാമർശങ്ങളും കഥയെ ഭാവസാന്ദ്രമാക്കുന്നതിലെ പങ്കിനെക്കുറിച്ച് അൽപ്പമുയർന്ന നിലവാരമുള്ളവർക്ക് നന്നായെഴുതാം.
ലളിതാംബിക അന്തർജ്ജനത്തിന്റെ വിശ്വരൂപം എന്ന കഥയിൽനിന്നുള്ള 'കുട്ടികളെ അമ്മതന്നെ വളർത്തണം' എന്ന കാഴ്ചപ്പാടിനെക്കുറിച്ച് അഭിപ്രായമെഴുത്തും ലളിതമായിരുന്നു.
'മാനവികമൂല്യങ്ങളുടെ പ്രാധാന്യം വർത്തമാനകാലസമൂഹത്തിൽ ' പ്രഭാഷണം തയ്യാറാക്കാനുള്ള ചോദ്യം ശരാശരി വിദ്യാർത്ഥിക്കുമെഴുതാം. മറാത്ത ദളിത് സാഹിത്യകാരനായ ശരൺകുമാർ ലിംബാളയുടെ ആത്മകഥയായ അക്കർമാശിയെ അടിസ്ഥാനമാക്കി, പാവപ്പെട്ടവരെ ചേർത്തുപിടിക്കേണ്ടതിനെക്കുറിച്ച് സാമൂഹ്യപ്രസക്തിയുള്ള പ്രഭാഷണമെഴുത്തും വിഷമമുള്ളതല്ല. സുഭാഷ്ചന്ദ്രന്റെ കഥയായ ഉരുളക്കിഴങ്ങ് തിന്നുന്നവർ എന്ന പാഠഭാഗം ഹൃദിസ്ഥമാക്കിയവർക്ക് ജൂലിയാനയെന്ന നിസ്സഹായയായ കഥാപാത്രത്തെ നിരൂപണം ചെയ്യാം.
സുഗതകുമാരിയുടെ നന്ദി എന്ന കവിതയിലെ വരികളുടെ ആസ്വാദനക്കുറിപ്പ് ശരാശരി വിദ്യാർത്ഥിക്കും എഴുതാവുന്നതായിരുന്നു.
തയാറാക്കിയത്
ജെ.എം.റഹിം
മലയാളം അദ്ധ്യാപകൻ
ഗവ.ഹൈസ്‌കൂൾ, വെയിലൂർ
തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |