തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ആശ്വാസവാർത്തയുമായി സംസ്ഥാന ബഡ്ജറ്റ്. ശമ്പള പരിഷ്കരണത്തിന്റെ രണ്ടുഗഡു 1900 കോടി ഈ സാമ്പത്തിക വർഷം നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബഡ്ജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തിക വർഷം ഒഴിവാക്കും. സർവീസ് പെൻഷൻ പരിഷ്‌ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ തന്നെ വിതരണം ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി.
നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടികുറച്ചതാണ് പ്രതിസന്ധിക്കും കുടിശ്ശിക വരാനും കാരണം. അത് മനസിലാക്കി സർക്കാരിനോട് ജീവനക്കാർ സഹകരിച്ചു. സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും അവകാശം സംരക്ഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്നും ധനമന്ത്രി ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടു. അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണ് കേരളം ഇപ്പോൾ. പ്രതിസന്ധികളെ അതിജീവിച്ച് കേരളം ടേക്ക് ഒഫിന് തയ്യാറെടുക്കുകയാണെന്നും ബഡ്ജറ്റ് അവതരണവേളയിൽ ധനമന്ത്രി പറഞ്ഞു.
രാവിലെ ഒമ്പതുമണിയോടെയാണ് ബഡ്ജറ്റ് അവതരണം തുടങ്ങിയത്. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റാണിത്. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ അഞ്ചാമത്തെ ബഡ്ജറ്റും.
തൊഴിലും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടണമെന്നും നാടിന് മുന്നേറ്റമുണ്ടാകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും മന്ത്രി നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വലിയ പ്രതിസന്ധി ഘട്ടമാണ് കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |