തിരുവനന്തപുരം: പിണറായി സർക്കാർ അഴിമതി സർക്കാരാണെന്ന് പ്രസംഗിക്കുന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ സർക്കാരിനെതിരെ നടപടിയെടുക്കാത്തത് ബി.ജെ.പി-സി.പി.എം ഡീലിന്റെ ഭാഗമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്.
ബി.ജെ.പിയുമായി അവിശുദ്ധ ബന്ധം പുലർത്തുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രിയും സർക്കാരും നടത്തിയ അഴിമതികൾ അക്കമിട്ട് പ്രസംഗിച്ച അമിത് ഷാ ,കേന്ദ്ര ഏജൻസികളുടെ പരിധിയിലുള്ള അന്വേഷണത്തിന്റെ പുരോഗതി എന്തെന്ന് വിശദീകരിക്കണം. ഡോളർ കടത്ത്,സ്വർണ്ണക്കടത്ത്,എക്സാലോജിക്,ലൈഫ് മിഷൻ ഉൾപ്പെടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഏതാണ്ട് നിലച്ചു. ഈ അന്വേഷണം സ്വിച്ച് ഓഫ് ചെയ്തത് ആരാണ്? അതിന് നിർദ്ദേശം നൽകിയ വ്യക്തിയല്ലേ അമിത് ഷാ. എന്നിട്ട് ജനങ്ങളെ കബളിപ്പിക്കാൻ രാഷ്ട്രീയ പ്രസംഗം നടത്തി തടി തപ്പുകയാണ് അദ്ദേഹം.
ആർഎസ്എസിനേയും ബിജെപിയേയും ഒരിക്കൽ പോലും വേദനിപ്പിക്കാത്ത പിണറായി വിജയനെ അധികാരത്തിൽ നിലനിറൂത്തേണ്ടത് അമിത് ഷായുടെയും ബിജെപിയുടെയും ആവശ്യമാണ്. അന്ധമായ കോൺഗ്രസ് വിരോധമാണ് അതിന് പിന്നിലെ ഇന്ധനമെന്നും
സണ്ണി ജോസഫ് പറഞ്ഞു.
കോൺഗ്രസുകാരുടെ
തമ്മിലടി: കെ.പി.സി.സി
റിപ്പോർട്ട് തേടി
കൽപ്പറ്റ: മുള്ളൻകൊല്ലി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ മിഷൻ വികസന സെമിനാറിനിടെ പ്രവർത്തകർ തമ്മിലടിക്കുകയും ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചനെ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ കെ.പി.സി.സി റിപ്പോർട്ട് തേടി.
യോഗത്തിൽ സംസാരിച്ചു കൊണ്ടിരിക്കെയാണ് ഡി.സി.സി പ്രസിഡന്റിനെ കൈയേറ്റം ചെയ്തത്. രണ്ടു ദിവസത്തിനകം വിഷയത്തിൽ റിപ്പോർട്ട് നൽകണമെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തോട് കെ.പി.സി.സി ആവശ്യപ്പെട്ടിട്ടുള്ളത്. മുള്ളൻകൊല്ലിയിൽ മാസങ്ങളായി നില നിൽക്കുന്ന പ്രശ്നം പരിഹരിക്കുന്നതിന് ഡി.സി.സി നേതൃത്വത്തിന് കഴിഞ്ഞില്ല. രണ്ടാഴ്ച മുമ്പ് ഡി.സി.സി ഓഫീസിൽ നടന്ന യോഗത്തിലും കൈയാങ്കളി നടന്നിരുന്നു. ഡി.സി.സി ട്രഷററായിരുന്ന എൻ.എം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ക്ഷീണം മറി കടക്കുന്നതിനിടെയാണ് ജില്ലയിൽ വീണ്ടും കോൺഗ്രസിൽ തമ്മിലടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |