SignIn
Kerala Kaumudi Online
Sunday, 26 April 2026 4.21 AM IST

ശബരിമല യുവതീ പ്രവേശനം; വിലക്ക് തുടരണം, ദെെവിക ശക്തിയിൽ നിന്നുള്ള നിർദേശമെന്ന് തന്ത്രി കണ്ഠരര് രാജീവരര്

Increase Font Size Decrease Font Size Print Page
sabarimala-

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനത്തിലെ വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠരര് രാജീവരര് സുപ്രീം കോടതിയെ അറിയിച്ചു. വിലക്ക് തുടരണമെന്നാണ് ദേവപ്രശ്‌നത്തിൽ വ്യക്തമായതെന്നും ദെെവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അംഗീകരിക്കണമെന്നും സുപ്രീം കോടതിയിൽ എഴുതിനൽകിയ വാദത്തിൽ തന്ത്രി പറയുന്നു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഈ മാസം 23 വരെ വിവിധ കക്ഷികൾക്ക് വാദങ്ങൾ സമർപ്പിക്കാൻ സുപ്രീം കോടതി സമയം അനുവദിച്ചിരുന്നു. ഈ കേസിൽ പ്രധാന കക്ഷിയാണ് തന്ത്രി കണ്ഠരര് രാജീവരര്. തുടർന്നാണ് തന്ത്രി വാദം സമർപ്പിച്ചത്. ആചാരങ്ങളിൽ അവസാനത്തീർപ്പ് കോടതികൾ അല്ലെന്ന വാദമാണ് പന്തളം കൊട്ടാരം കോടതിയിൽ സമർപ്പിച്ച വാദത്തിൽ പറയുന്നത്. ദീർഘകാല ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം സുപ്രീം കോടതിയെ അറിയിച്ചത്. ആചാരങ്ങൾ സംരക്ഷിക്കണമെന്ന് എൻഎസ്എസും കോടതിയെ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ ഏഴിനാണ് കേസിൽ വാദം തുടങ്ങുന്നത്.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. 17 പേജുകളുള്ള ഈ സത്യവാങ്മൂലത്തിൽ ഭരണഘടനാപരമായ ഏഴ് ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഉള്ളത്.

ശബരിമലയിൽ വർഷങ്ങളായി തുടരുന്ന ആചാരങ്ങളിൽ കോടതിയുടെ പരിശോധന ആവശ്യമാണെങ്കിൽ അത് ആ വിഭാഗത്തിലെ പണ്ഡിതന്മാരുമായും സാമൂഹ്യപരിഷ്കർത്താക്കളുമായും വിശദമായ ചർച്ചകൾ നടത്തിയശേഷം മാത്രമേ പാടുള്ളൂവെന്ന നിലപാടാണ് സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നത്. ആചാരങ്ങളിൽ മാറ്റം വരുത്തുന്നതിന് മുൻപ് കൃത്യമായ പഠനവും ചർച്ചയും വേണമെന്നാണ് സർക്കാറിന്റെ വിശദീകരണം. ഒരു നിഷ്പക്ഷ വിഭാഗം എന്ന നിലയിൽ പണ്ഡിതരുടെയും പരിഷ്കർത്താക്കളുടെയും അഭിപ്രായം തേടുന്നത് നീതി നടപ്പാക്കുന്നതിന് സഹായകരമാകുമെന്നും സർക്കാർ വ്യക്തമാക്കുന്നു.

വിവിധ കേസുകളിലായി മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച് ഏഴ് ചോദ്യങ്ങളാണ് ഒമ്പതംഗ ബെഞ്ച് മുൻപാകെയുള്ളത്. ഏപ്രിൽ ഏഴിനാണ് വാദം തുടങ്ങുന്നത്. ശബരിമല പുനഃപരിശോധനാ ഹർജികളിൽ തീർപ്പുകൽപിക്കുകയല്ല, നിയമപരമായ വിഷയങ്ങൾക്ക് മറുപടി നൽകുകയാണ് വിശാല ബെഞ്ചിന്റെ ദൗത്യമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. യുവതീ പ്രവേശനം ആവശ്യപ്പെട്ട് ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്.യുവതി പ്രവേശന വിധി നിലനിർത്തണമെന്നാണ് അസോസിയേഷന്റെ വാദം.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിറുത്താൻ ഇടതുമുന്നണിയുടെ നിർദ്ദേശപ്രകാരമാണ് സർക്കാരിന്റെ നിലപാട് മാറ്റം. 2018 സെപ്തംബർ എട്ടിനാണ് ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയുണ്ടായത്. വിധിയോട് വിയോജിച്ച അന്നത്തെ ദേവസ്വംബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ മുഖ്യമന്ത്രി തിരുത്തുകയും ചെയ്തിരുന്നു. നവോത്ഥാന സമിതിയും വനിതാമതിലുമായി യുവതീപ്രവേശത്തിനൊപ്പം നിൽക്കുകയായിരുന്നു സർക്കാർ.

TAGS: SABARIMALA, TANTRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.