SignIn
Kerala Kaumudi Online
Wednesday, 01 May 2024 11.36 AM IST

തൃക്കടവൂർ ശിവരാജു ഇനി ഗജരാജരത്നം

dd

തിരുവനന്തപുരം:പത്തടിയിലേറെ ഉയരം. തള്ളിനിൽക്കുന്ന മസ്‌തകം. ഉയർന്ന തലക്കുനി. മസ്തകത്തിൽ കൂട്ടിയടിക്കുന്ന ചെവികൾ. വണ്ണമില്ലെങ്കിലും തെല്ലകന്ന കൊമ്പുകൾ. നിലത്തിഴയുന്ന തുമ്പിക്കൈ. മാതംഗലീലയിൽ ലക്ഷണമൊത്ത ആനയ്‌ക്ക് 18 നഖമാണെങ്കിൽ, തൃക്കടവൂർ ശിവരാജുവിന് 20 നഖങ്ങൾ...

ഗജശാസ്‌ത്ര ലക്ഷണങ്ങൾക്കൊത്ത സൗന്ദര്യവും കായബലവുമുള്ള തൃക്കടവൂർ ശിവരാജു ഇന്നലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഗജരാജരത്നം പട്ടം ഏറ്റുവാങ്ങി. ഇപ്പോൾ 50 വയസുള്ള ശിവരാജുവിന്റെ സേവനവും പ്രത്യേകതകളും കണക്കിലെടുത്താണ് ബോർഡ് ഗജരാജരത്നം പട്ടം നൽകിയത്.കൊല്ലം അഞ്ചാലുംമൂട് തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ആനയാണ് ശിവരാജു.

കഴുത്തുമണിയും നെറ്റിപ്പട്ടവും ആലവട്ടവും വെഞ്ചാമരവുമടക്കം ആനച്ചമയങ്ങളെല്ലാം അണിഞ്ഞ് മസ്‌തകം ഉയർത്തി നിന്ന കൊമ്പന് ബോർഡ് ആസ്ഥാനത്ത് ഇന്നലെ രാവിലെ പഞ്ചവാദ്യവും പുഷ്പവൃഷ്ടിയുമായി രാജകീയ സ്വീകരണമായിരുന്നു. പ്രൗഢോജ്വലമായ ഗജരാജാദരവിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ,​ ഗജരാജരത്നം എന്നെഴുതിയ,​ ചെമ്പിൽ തീർത്ത മാല ആനയെ അണിയിച്ചു. കരക്കാരും കാണികളും ആർപ്പോ വിളിച്ചു. പാപ്പാൻ കെ.ഗോപാലകൃഷ്ണൻ നായരെയും ആദരിച്ചു.ശിവരാജുവിനെ കാണാനും സെൽഫിയെടുക്കാനും ആനപ്രേമികളുടെ തിരക്കായിരുന്നു.

എഴുന്നള്ളത്തിന് 3 ലക്ഷം

 ഉത്സവ എഴുന്നള്ളത്തിന് ഏറ്റവും കൂടുതൽ പ്രതിഫലമുള്ള കൊമ്പൻമാരിൽ ഒന്നാണ് ശിവരാജു. 2020 ഫെബ്രുവരിയിൽ ചാത്തിനംകുളം ക്ഷേത്രകമ്മിറ്റി ശിവരാജുവിനെ 3,19,000 രൂപയ്‌ക്കാണ് ലേലം ഉറപ്പിച്ചത്. ദേവസ്വം ബോർഡിന്റേതല്ലാത്ത ക്ഷേത്രങ്ങളിൽ ഇപ്പോൾ പ്രതിഫലവും മറ്റ്ചിലവുകളും ഉൾപ്പെടെ 3 ലക്ഷം രൂപ. (ബോർഡ് ക്ഷേത്രങ്ങളിൽ 50,000 രൂപയേ ഉള്ളൂ)

 1973ൽ കോന്നി റേഞ്ചിലെ അട്ടത്തോടിലെ ഒരു കിടങ്ങിൽ നിന്നാണ് ആനക്കുട്ടിയെ വനം വകുപ്പിന് ലഭിച്ചത്. 30 വർഷം മുൻപ് തൃക്കടവൂർ മഹാദേവ ക്ഷേത്ര ദേവസ്വത്തിലെ എട്ട് കരക്കാരും ദേവസ്വം ബോർഡും ചേർന്ന് കോന്നി ആനവളർത്തൽ കേന്ദ്രത്തിൽ നിന്ന് വാങ്ങി നടയ്‌ക്കിരുത്തി

 ഇന്ന് ബോർഡിന്റെ 26 ആനകളിൽ തലയെടുപ്പിലും ബുദ്ധിയിലും കേമൻ. ഉമയനെല്ലൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആനവാൽ പിടിയിൽ വർഷങ്ങളായി പങ്കെടുക്കുന്ന ശിവരാജു ക്ഷമയുടെ പ്രതിരൂപമാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELEPHANT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.