തൃശൂർ: സാമ്പിൾ വെടിക്കെട്ട് മുതൽ പാറമേക്കാവ് തിരുവമ്പാടി ദേവിമാരുടെ ഉപചാരം ചൊല്ലലിന് വരെ മഴയൊഴിഞ്ഞതോടെ തൃശൂർ പൂരത്തിന് പൂർണ്ണവിരാമം. അടുത്ത വർഷത്തെ പൂരം ഏപ്രിൽ 19 ന്. ഉപചാരം ചൊല്ലലിനും പുലർച്ചെ നടന്ന വെടിക്കെട്ടിനും പൂരദിനത്തിലേതുപോലെ വൻ തിരക്കായിരുന്നു.
പകൽപ്പൂരത്തിന് ഇരമ്പിയാർത്ത പാണ്ടിമേളങ്ങൾക്കൊടുവിൽ ശ്രീമൂലസ്ഥാനത്തായിരുന്നു ഭഗവതിമാരുടെ ഉപചാരം ചൊല്ലൽ. തിങ്കളാഴ്ച എട്ടരയോടെ പൂരപ്പന്തലുകളിൽ നിന്നും ഭഗവതിമാരുടെ എഴുന്നള്ളത്ത് തുടങ്ങി. മണികണ്ഠനാൽ പന്തലിൽ നിന്ന് എഴുന്നള്ളിച്ച പാറമേക്കാവ് ഭഗവതിക്ക് കിഴക്കൂട്ട് അനിയൻമാരാരുടെ പാണ്ടി അകമ്പടിയായി. നായ്ക്കനാൽ പന്തലിൽ നിന്ന് തിരുവമ്പാടി ഭഗവതി ചേരാനെല്ലൂർ ശങ്കരൻകുട്ടിമാരാരുടെ മേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളി. രണ്ട് എഴുന്നള്ളത്തുകളും ഉച്ചയോടെ വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് സംഗമിച്ചു. പകൽപ്പൂരത്തിന്റെ ഭാഗമായി ശ്രീമൂലസ്ഥാനത്തിന് ഇരുവശവുമായി കുറച്ചുനേരം കുടമാറ്റവുമുണ്ടായി. മേളത്തിന് ശേഷം പാറമേക്കാവിലമ്മ നടുവിലാൽ ഗണപതിക്ക് സമീപത്തേക്ക് നീങ്ങി. തുടർന്ന് നിലപാടുതറയിലെത്തി. തിരുവമ്പാടി ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. എറണാകുളം ശിവകുമാറിന്റെ പുറത്തേറി പാറമേക്കാവിലമ്മയും തിരുവമ്പാടി ചന്ദ്രശേഖരന്റെ പുറത്തേറിയെത്തിയ തിരുവമ്പാടി ഭഗവതിയും ശ്രീമൂലസ്ഥാനത്തേക്ക് നീങ്ങിയതോടെ ആരവം ഉയർന്നു. ഉപചാരത്തിന് ശേഷം വെടിക്കെട്ടും അരങ്ങേറി. അവസാനം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ വിതരണം ചെയ്ത പൂരക്കഞ്ഞി കഴിച്ചാണ് ജനക്കൂട്ടം മടങ്ങിയത്.
മെസിക്കുടയ്ക്ക്പൂമാലയും കല്ലേറും
തൃശൂർ പൂരത്തിൽ കുടമാറ്റത്തിനിടെ തിരുവമ്പാടി ദേവസ്വം മെസി ലോകകപ്പ് ഉയർത്തുന്ന ദൃശ്യം ഉയർത്തിയതിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ കല്ലേറും പൂമാലയും. ഗോൾ ഇന്ത്യ ഡോട്ട് കോമും അർജന്റീനിയയിലെ മാദ്ധ്യമങ്ങളും ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പങ്കുവെച്ചു. അർജന്റീന ഫുട്ബാൾ അസോസിയേഷൻ ഫാൻസിന്റെ പേജിലും പ്രത്യേകം നന്ദി അറിയിച്ചു. അതേസമയം,ദേവസ്വം ഭരണസമിതി ബോധപൂർവം ചെയ്തതാവില്ലെന്നും മതസ്ഥാപനമായ ക്ഷേത്രത്തെ മതേതര സ്ഥാപനമാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി ഹിന്ദു ഐക്യവേദി നേതാവ് പി.സുധാകരൻ രംഗത്തെത്തി.മെസിയുടെ ദൃശ്യം ഉയർത്തിയ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ലോകശ്രദ്ധയാകർഷിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ആരാധകരുടെ ട്വിറ്റർ അക്കൗണ്ടും പൂരത്തിന്റെ സവിശേഷതയും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടുകയായിരുന്നു. കാലോചിതമായ മാറ്റം എല്ലാക്കാര്യത്തിലുമുണ്ടാകുമെന്നും ഭൂരിപക്ഷം ജനങ്ങളുടെയും അഭിപ്രായം മാനിച്ച് ഇക്കാര്യം പരിശോധിക്കുമെന്നും തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ.ടി.എ.സുന്ദർ മേനോൻ പറഞ്ഞു. തീർത്തും രഹസ്യസ്വഭാവത്തോടെ ചെറുപ്പക്കാരടങ്ങിയ ഒരു ടീമാണ് സ്പെഷ്യൽ കുടകൾ തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ ആവേശവും താത്പര്യങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |