തൃശൂർ: കൺനിറയെ കാഴ്ചകളൊരുക്കി തൃശൂർ പൂരമെത്തി. ഇന്ന് വൈകീട്ട് ഏഴിന് തുടങ്ങുന്ന സാമ്പിൾ വെടിക്കെട്ട് കാണാൻ ആയിരങ്ങൾ ഒഴുകിയെത്തും. അവധി ദിവസമായതിനാൽ ഇന്ന് ആകാശപൂരം കാണാൻ കൂടുതൽ പേരെത്തും. ആകാശക്കാഴ്ചയിലെ അത്ഭുതങ്ങൾ കാണാനുള്ള ആകാംക്ഷയാണ് എല്ലാവർക്കും.മുൻവർഷങ്ങളേക്കാൾ കൂടുതൽ പേർക്ക് സ്വരാജ് റൗണ്ടിൽ നിന്ന് സാമ്പിൾ കാണാം.
ഇത്തവണ തിരുവമ്പാടിയാണ് വെടിക്കെട്ടിന് തിരി കൊളുത്തുക. തിരുവമ്പാടിക്കായി മുണ്ടത്തിക്കോട് സതീഷും പാറമേക്കാവിനായി ബിനോയ് ജേക്കബുമാണ് വെടിക്കെട്ടൊരുക്കുന്നത്. ഓലപ്പടക്കവും ഗുണ്ടും അമിട്ടുമെല്ലാം ചേർത്തുള്ള വ്യത്യസ്തമായ സാമ്പിളാണ് ഇത്തവണയെന്ന് അവർ വ്യക്തമാക്കി.
വെടിക്കെട്ട് തുടങ്ങും മുൻപേ റൗണ്ടിലെ മൂന്ന് പ്രകാശഗോപുരങ്ങളും കൺതുറക്കും. പാറമേക്കാവ് വിഭാഗം മണികണ്ഠനാലിലും തിരുവമ്പാടിക്കാർ നടുവിലാലിലും നായ്ക്കനാലിലും ഉയർത്തിയിട്ടുള്ള നിലപ്പന്തലുകളുടെ പണികൾ പൂർത്തിയായി.
ചമയ പ്രദർശനം
ഇന്ന് രാവിലെ മുതൽ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ ചമയ പ്രദർശനമാരംഭിക്കും. പാറമേക്കാവ് അഗ്രശാലയിലും തിരുവമ്പാടി കൗസ്തുഭം ഓഡിറ്റോറിയത്തിലുമാണ് ചമയങ്ങൾ പ്രദർശിപ്പിക്കുക. നെറ്റിപ്പട്ടങ്ങൾ, ആലവട്ടം, വെഞ്ചാമരം, വർണക്കുട തുടങ്ങി പൂരനാളിൽ ആനപ്പുറമേറുന്ന എല്ലാ ചമയങ്ങളും പ്രദർശിപ്പിക്കും. പ്രദർശനം ഇന്നും നാളെയും തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |