തിരുവനന്തപുരം: ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 99.48 ശതമാനം വിജയം. 3,055 വിദ്യാർത്ഥികളിൽ 3,039 പേർ ഉപരിപഠനത്തിനർഹരായി. 429 പേർ ഫുൾ എ പ്ളസ് നേടി. എസ്.എസ്.എൽ.സി. (എച്ച്.ഐ) വിഭാഗത്തിൽ 207 വിദ്യാർത്ഥികളിൽ 206 പേരും ഉപരിപഠനത്തിർഹരായി. വിജയശതമാനം 99.51. ഫുൾ എപ്ളസ് നേടിയത് 31പേർ.
ടിഎച്ച്.എസ്.എൽ.സി. (എച്ച്.ഐ) വിഭാഗത്തിൽ പരീക്ഷയെഴുതിയ 12 പേരും വിജയിച്ചു. എ.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ 66 വിദ്യാർത്ഥികൾ പരീക്ഷയെഴുതി 100 ശതമാനം വിജയംനേടി.
സിവിൽ ജഡ്ജ് നിയമന
നടപടി മരവിപ്പിച്ചു;
പ്രിലിമിനറി പരീക്ഷ മാറ്റി
കൊച്ചി: സംസ്ഥാനത്ത് സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനായി ജനുവരി 31ന് പുറപ്പെടുവിച്ച വിജ്ഞാപനം താത്കാലികമായി മരവിപ്പിച്ചതായി ഹൈക്കോടതി അറിയിച്ചു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിവിധ ഇടപെടൽ അപേക്ഷകളിൽ വിധി വരുന്നതുവരെയാണ് നിയമന നടപടികൾ മാറ്റിയത്.ഇതിന്റെ ഭാഗമായി മേയ് 18ന് നടത്താനിരുന്ന കേരള ജുഡീഷ്യൽ സർവീസ് പ്രിലിമിനറി പരീക്ഷയും മാറ്റിവച്ചതായി ഹൈക്കോടതി രജിസ്ട്രാർ (ജില്ലാ ജുഡീഷ്യറി) നിക്സൺ എം. ജോസഫിന്റെ അറിയിപ്പിൽ പറയുന്നു. നിയമന പ്രക്രിയ നീണ്ടുപോകുന്നത് നിയമമേഖലയിൽ പ്രവേശനം തേടുന്നവരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.
കേരളത്തിലും
ദേശീയ വിദ്യാഭ്യാസ
നയം: ഹർജി തള്ളി
ന്യൂഡൽഹി : തമിഴ്നാട്ടിലും കേരളത്തിലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. കോടതിക്ക് ഒരു സംസ്ഥാനത്തെയും നിർബന്ധിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നയം ഏതെങ്കിലും മൗലികാവകാശം ലംഘിക്കുന്നതാണെങ്കിൽ മാത്രമേ കോടതിക്ക് ഇടപെടാൻ കഴിയുകയുള്ളുവെന്നും കൂട്ടിച്ചേർത്തു. തമിഴ്നാട് സ്വദേശിയായ അഡ്വ. ജി.എസ്. മണിയാണ് ഹർജി സമർപ്പിച്ചത്.
നാലുവർഷ ബിരുദം:
അപേക്ഷ 26വരെ
തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ നാല് വർഷ ബിരുദ കോഴ്സുകളിലേക്കുള്ള അപേക്ഷ 26വരെ നീട്ടി. പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലാണ് അഡ്മിഷൻ. https://admissions.keralauniversity.ac.in വെബ്സൈറ്റിൽ അപേക്ഷിക്കാം. അപേക്ഷാഫീസ് എസ്.സി/എസ്.ടി : 600 രൂപ, മറ്റുള്ളവർ: 1200 രൂപ. വിവരങ്ങൾക്ക് 0471–2308328, 9188524612. ഇമെയിൽ : cssfyugphelp2025@gmail.com.
തയ്യൽതൊഴിലാളികൾ രജിസ്ട്രേഷൻ പരിശോധിക്കണം
തിരുവനന്തപുരം: തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് നടപടി തുടങ്ങി.അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം സോഫ്റ്റ്വെയറിലൂടെയുള്ള വിവരശേഖരണവും ഏകീകൃത ഐഡന്റിറ്റി കാർഡ് നൽകുന്ന നടപടിയും അന്തിമഘട്ടത്തിലാണ്. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾ എ.ഐ.ഐ.എസ് സോഫ്റ്റ്വെയർ പരിശോധിച്ച് നൽകിയ വിവരങ്ങൾ പൂർണമാണെന്ന് ഉറപ്പുവരുത്തണം.ക്ഷേമനിധി ബോർഡുകൾ മുഖേനയോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ സ്വന്തമായോ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. നിലവിൽ അംഗത്വം മുടങ്ങികിടക്കുന്ന അംഗങ്ങളും, പെൻഷൻ ഗുണഭോക്താക്കളും ഒഴികെയുള്ള തൊഴിലാളികൾക്ക് എ.ഐ.ഐ.എസിൽ അപ്ഡേറ്റ് ചെയ്യാം. ആധാർ , പാൻ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ, ബോർഡ് നിഷ്കർഷിക്കുന്ന മറ്റു രേഖകൾ സഹിതമായിരിക്കണം അപ്ഡേഷൻ നടത്തേണ്ടത്. ജൂലൈ 31 വരെയാണ് അവസരം.ഏകീകൃത ഐഡന്റിറ്റി കാർഡിനുള്ള തുകയായ 25 രൂപ നൽകാത്തവർ എ.ഐ.ഐ.എസ് സോഫ്റ്റ്വെയറിൽ ഓൺലൈനായി തുക അടക്കണമെന്നും ലേബർ കമ്മിഷണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |