ബംഗളുരു: പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു . 97 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളുരുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. അരനൂറ്റാണ്ടു കാലം ഇന്ത്യയിലും വിദേശത്തുമായി മാദ്ധ്യമ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു ടി.ജെ.എസ്. പൊളിറ്റിക്കൽ കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. .മജിസ്‌ട്രേറ്റ് ആയിരുന്ന ടി.ടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928 മെയ് ഏഴിനായിരുന്നു തയ്യിൽ ജേക്കബ് സോണി ജോർജ് എന്ന ടി.ജെ. എസ്. ജോർജിന്റെ ജനനം. പത്തനംതിട്ടയിലെ തുമ്പമണ്ണാണ് സ്വദേശം. പരേതയായ അമ്മു ജോർജ് ആണ് ഭാര്യ. പ്രശസ്ത എഴുത്തുകാരൻ ജീത്ത് തയ്യിലും ഷെബയുമാണ് മക്കൾ.
സംസ്കാരച്ചടങ്ങുകൾ ഞായറാഴ്ച ബെംഗളൂരുവിൽ നടക്കും
ഇംഗ്ലീഷ് സാഹിത്യത്തിൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഓണേഴ്സ് ബിരുദം കരസ്ഥമാക്കിയ ടി.ജെ.എസ് 1950 ൽ ബോംബെയിലെ ഫ്രീ പ്രസ്സ് ജേർണലിൽ പത്രപ്രവർത്തനജീവിതം ആരംഭിച്ചു. പിന്നീട് ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച്‌ലൈറ്റ്, ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂ എന്നിവയിൽ മാദ്ധ്യമപ്രവർത്തകനായി പ്രവർത്തിച്ചു. ഹോംങ്കോംഗിൽ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്. സമകാലിക മല.യാളം വാരികയുടെ എഡിറ്റോറിയൽ ഉപദേഷ്ടാവായിരുന്നു.
സ്വതന്ത്രഭാരതത്തിൽ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരിൽ ആദ്യമായി ജയിലിലടക്കപ്പെട്ട പത്രാധിപരാണ് ടി.ജെ.എസ്. പട്നയിൽ സെർച്ച്‌ലൈറ്റ് പത്രത്തിന്റെ പത്രാധിപരായിരുപ്പോഴാണ് അതുണ്ടായത്. പ്രതിരോധമന്ത്രി വി.കെ കൃഷ്ണമേനോനാണ് അദ്ദേഹത്തിന്റെ കേസ് വാദിക്കാൻ അന്ന് പട്നയിലെത്തിയത്. വി.കെ കൃഷ്ണമേനോൻ, എം.എസ് സുബ്ബലക്ഷ്മി, നർഗീസ്, പോത്തൻ ജോസഫ്, ലീക്വാൻ യ്യൂ തുടങ്ങിയവരുടെ ജീവചരിത്രങ്ങളും സ്വന്തം ഓർമക്കുറിപ്പുകളായ ഘോഷയാത്രയും ഉൾപ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതു ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. 2011 ൽ രാജ്യം പദ്മഭൂഷൺ പുരസ്‌കാരം നൽകി ആദരിച്ചു. 2017ൽ സ്വദേശാഭിമാനി പുരസ്‌കാരവും ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |