
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ രണ്ടാമത്തെ ബലാത്സംഗകേസിൽ പരാതിക്കാരി മൊഴി നൽകി. എസ് പി പുങ്കൂഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. രക്ഷപ്പെടാൻ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പല പ്രാവശ്യം ഭീഷണിപ്പെടുത്തിയെന്നും പേടി കാരണമാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നത്.
ഈ കേസിൽ ഇന്ന് രാഹുലിന്റെ മുൻകൂർ ജാമ്യപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ശനിയാഴ്ചയാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. ആദ്യത്തെ കേസിൽ ഹൈക്കോടതി അറസ്റ്റ് ചെയ്യുന്നത് വിലക്കിയിരുന്നു.ആദ്യകേസിൽ പ്രാഥമിക വാദം നടക്കുന്നതിനിടെയാണ് രണ്ടാം കേസ് രജിസ്റ്റർ ചെയ്തത്. കെപിസിസിക്ക് വന്ന ഇ മെയിൽ പ്രസിഡന്റ് സണ്ണിജോസഫ് പൊലീസിന് കൈമാറുകയായിരുന്നു.
ആദ്യകേസിലെ ഹർജി ഹൈക്കോടതി ഈ മാസം പതിനഞ്ചിനാണ് വീണ്ടും പരിഗണിക്കുക. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്. ഗുരുതര സ്വഭാവമുള്ള കാര്യങ്ങൾ ഹർജിയിലുണ്ടെന്നും അതിനാൽ വിശദവാദം കേൾക്കണമെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. മുപ്പത്തിരണ്ടാമതായിട്ടാണ് കേസ് ലിസ്റ്റുചെയ്തിരുന്നതെങ്കിലും കോടതി ചേർന്നയുടൻ രാഹുലിന്റെ അഭിഭാഷകൻ മുൻകൂർ ജാമ്യത്തിന്റെ കാര്യം ജസ്റ്റിസ് കെ ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് കുറെയേറെ കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്ന് അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് കേസിൽ വിശദമായി വാദം കേൾക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |