കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ പ്രതിയായ നടൻ ദിലീപും കൂട്ടുപ്രതികളും കോടതിയിൽ എത്തി. വീട്ടിൽ നിന്നിറങ്ങിയ ദിലീപ് ആദ്യം എത്തിയത് അഭിഭാഷകൻ രാമൻപിള്ളയുടെ ഓഫീസിലേക്കായിരുന്നു. ശേഷമാണ് കോടതിയിലേക്ക് പുറപ്പെട്ടത്. സഹോദരൻ അനൂപ്, ദിലീപിന്റെ അടുത്ത സുഹൃത്തും കേസിലെ പത്താം പ്രതിയുമായ ശരത് തുടങ്ങിയവരും നടനും രണ്ട് കാറുകളിലായാണ് യാത്രതിരിച്ചത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി രാവിലെ 11 മണിയോടെ കേസ് പരിഗണിക്കും. 12 മണിക്ക് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി വിധി പറയുമെന്നാണ് കരുതുന്നത്. കേസിൽ എട്ടാം പ്രതിയായ ദിലീപ് ശിക്ഷിക്കപ്പെടുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. വിധി കേൾക്കാൻ കോടതി മുറി നിറഞ്ഞുകവിഞ്ഞിട്ടുണ്ട്.
ലൈംഗിക അതിക്രമത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസിൽ എട്ടരവർഷത്തിനുശേഷമാണ് വിധിവരുന്നത്. ദിലീപുൾപ്പെടെ 10 പ്രതികളുണ്ട്. പെരുമ്പാവൂർ സ്വദേശി എൻ.എസ്. സുനിലാണ് (പൾസർ സുനി) ഒന്നാംപ്രതി. മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ്, ചാർളി തോമസ് എന്നിവരാണ് രണ്ടു മുതൽ ഏഴു വരെയുള്ള പ്രതികൾ.
സനിൽകുമാർ (മേസ്തിരി സനിൽ) ഒമ്പതാം പ്രതിയാണ്. ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ബലപ്രയോഗം, അന്യായ തടങ്കൽ, തെളിവുനശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. തെളിവുനശിപ്പിക്കലിന് കൂട്ടുനിന്ന ദിലീപിന്റെ സുഹൃത്ത് ജി. ശരത്ത് പത്താം പ്രതിയാണ്. പ്രതികളെല്ലാവരും ഇന്ന് കോടതിയിൽ ഹാജരാകും. 2017 ഫെബ്രുവരി 17ന് അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |