
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി വന്നതോടെ പൊലീസ് സംഘം ഉണ്ടാക്കിയ കള്ളക്കഥ തകരുകയാണ് ചെയ്തതെന്ന് നടൻ ദിലീപ്. സർവശക്തനായ ദൈവത്തിന് ആദ്യം നന്ദി പറയുന്നു. സത്യം ജയിച്ചെന്നും ദിലീപ് പറഞ്ഞു. കേസിൽ എട്ടാം പ്രതി സ്ഥാനത്ത് നിന്ന് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടിയെ ആക്രമിച്ച കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യർ പറഞ്ഞതിന് പിന്നാലെയാണ് എനിക്കെതിരെ നീക്കം ആരംഭിച്ചത്. അതിന് അന്നത്തെ ഉയർന്ന ഒരു മേലുദ്യോഗസ്ഥയും അവർ തിരഞ്ഞെടുത്ത ഒരു സംഘം ക്രിമിനൽ പൊലീസുകാരും ചേർന്ന് ഇങ്ങനെയൊരു നടപടയുണ്ടാക്കിയതെന്നും ദിലീപ് പറഞ്ഞു.
ഈ കേസിലെ മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞെടുക്കുകയാണ് ചെയ്തത്. ശേഷം ഈ പൊലീസ് സംഘം ചില മാദ്ധ്യമങ്ങളെയും അവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന ചില മാദ്ധ്യമപ്രവർത്തകരെയും കൂട്ടുപിടിച്ച് കള്ളക്കഥ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇന്ന് കോടതിയിൽ പൊലീസ് സംഘം ഉണ്ടാക്കിയ കള്ളക്കഥ തകരുകയാണ് ചെയ്തത്. ഈ കേസിലെ യഥാർത്ഥ ഗൂഢാലോചന എന്നെ പ്രതിയാക്കാൻ വേണ്ടി നടത്തിയതാണ്. സമൂഹത്തിൽ എന്റെ കരിയർ, എന്റെ ഇമേജ്, എന്റെ ജീവിതം നശിപ്പിക്കാൻ വേണ്ടി ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ആഘോഷം ആരംഭിച്ച് ആരാധകർ. കോടതി വളപ്പിലെത്തിയ ആരാധകർ ലഡുവും കേക്കും വിതരണം ചെയ്തു. കോടതിയിൽ നിന്ന് പുറത്തേക്കെത്തിയ ദിലീപിനെ ആരവങ്ങളോടൊയാണ് ആരാധകർ സ്വീകരിച്ചത്. കോടതി വളപ്പിലെത്തിയ ചിലർ നടനുമായി സെൽഫി എടുക്കാനും ശ്രമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |