
പുരാതന കാലം മുതല്‍ തന്നെ മതവിശ്വാസവുമായി ചേര്‍ന്ന് നില്‍ക്കുന്ന ജീവിയാണ് പാമ്പുകള്‍. നമ്മുടെ നാട്ടിലെ ഹിന്ദു വിശ്വാസവും ആചാരവും അനുസരിച്ച് പാമ്പുകളെ സര്‍പ്പമായി കണ്ട് ആരാധിക്കുന്ന പതിവ് പോലുമുണ്ട്. ആയില്യ നാളുകളില്‍ ക്ഷേത്രങ്ങളില്‍ പാമ്പുകള്‍ക്കായി പ്രത്യേക പൂജകളും നടക്കാറുണ്ട്. പല ക്ഷേത്രങ്ങളിലും പാമ്പുകള്‍ക്ക് പാലും മഞ്ഞള്‍പ്പൊടിയുമെല്ലാം സമര്‍പ്പിക്കാറുമുണ്ട്. ശരിക്കും പാമ്പുകള്‍ പാല് കുടിക്കാറുണ്ടോ? ഈ വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കുകയാണ് ഫോറസ്റ്റ് ഡിപാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥയും സ്‌നേക്ക് റെസ്‌ക്യൂവറുമായ റോഷ്‌നി.
കാട്ടില്‍ താമസിക്കുന്ന പാമ്പുകള്‍ എങ്ങനെയാണ് പാല് കുടിക്കുകയെന്നാണ് റോഷ്‌നി ചോദിക്കുന്നത്. പാമ്പുകള്‍ കഴിക്കുന്നത് എന്താണെന്ന് നോക്കിയാല്‍ രാജവെമ്പാല ഇനത്തില്‍പ്പെട്ടവ കഴിക്കുന്നത് മൂര്‍ഖന്‍, ചേര പോലുള്ളവയെയാണ്. അതായത് മറ്റ് പാമ്പുകളെയാണ് രാജവെമ്പാല ഇരയായി കാണുന്നത്. മൂര്‍ഖന്‍ പാമ്പിനെ നോക്കിയാല്‍ അത് കഴിക്കുന്നത് എലി, തവള പോലുള്ളവയെയാണ്.
മറ്റ് ചെറിയ പാമ്പുകള്‍ അതായത് ചുരുട്ട പോലുള്ളവയെ പരിശോധിച്ചാല്‍ അവ കഴിക്കുന്നത് പാറ്റ, പല്ലി പോലുള്ള ചെറിയ പ്രാണികളെയാണ്. വീടുകള്‍ക്ക് ഉള്ളിലേക്ക് ഇത്തരം പാമ്പുകള്‍ കയറി വരുന്നത് പോലും ചെറിയ പ്രാണികളെ കിട്ടുമെന്ന ധാരണയിലാണ്. ഒരിക്കലും മനുഷ്യനെ ആക്രമിച്ച് കടിക്കുകയെന്ന ലക്ഷ്യത്തോടെയല്ല പാമ്പുകള്‍ വീടുകള്‍ക്ക് ഉള്ളിലേക്ക് കയറുന്നത്. അത് അവയ്ക്ക് ഇരയായ മറ്റ് ജീവകളുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നതുകൊണ്ടാണ്.
പാമ്പുകളെ കാണപ്പെട്ട ദൈവത്തെപ്പോലം കരുതി ആരാധനാലയങ്ങളില്‍ പോയി അവയെ ആരാധിച്ച ശേഷം പുറത്ത് വന്ന് അവയെ കാണുമ്പോള്‍ തല്ലിക്കൊല്ലുകയാണ് ചെയ്യുന്നത്. അതിന് പിന്നിലെ യുക്തിയാണ് പലപ്പോഴും മനസ്സിലാകാത്തതെന്നും റോഷ്‌നി പറയുന്നു. എന്നാല്‍ ഇപ്പോള്‍ പാമ്പുകളെ കണ്ടാല്‍ അപ്പോള്‍ ത്‌ന്നെ അടിച്ച് കൊല്ലുകയെന്ന സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ടെന്നും സ്‌നേക്ക് റെസ്‌ക്യൂവേഴ്‌സിനെ വിവരം അറിയിക്കുകയെന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |