
ന്യൂഡൽഹി: ദീർഘദൂര ട്രെയിൻ യാത്രയ്ക്ക് ഇനി അല്പം ചെലവേറും. മെയിൽ, എക്സ്‌പ്രസ് ട്രെയിനുകളിലടക്കം എ.സി, നോൺ എ.സി ക്ളാസുകളിൽ കിലോമീറ്ററിന് രണ്ടു പൈസ വർദ്ധിപ്പിച്ചു. ഓർഡിനറി പാസഞ്ചർ ട്രെയിനുകളിൽ 215 കിലോമീറ്ററിന് മുകളിൽ കിലോമീറ്ററിന് ഒരു പൈസയും കൂട്ടി. 215 കിലോമീറ്റർ വരെ നിലവിലെ നിരക്ക് തുടരും. 26ന് പ്രാബല്യത്തിൽ വരും. സീസൺ ടിക്കറ്റ് നിരക്കുകളും മെട്രോ നഗരങ്ങളിലെ സബർബൻ ട്രെയിൻ നിരക്കുകളും വർദ്ധിപ്പിച്ചിട്ടില്ല.
പുതിയ നിരക്കുകൾ നിലവിൽ വരുമ്പോൾ ഒാർഡിനറി കോച്ചുകളിൽ 500 കിലോമീറ്റർ യാത്രയ്ക്ക് 10 രൂപ അധികം ചെലവാകും. നിരക്ക് വർദ്ധനയിലൂടെ റെയിൽവേയ്‌ക്ക് പ്രതിവർഷം 600 കോടി അധിക വരുമാനം ലഭിക്കും. പത്തുവർഷത്തിനിടെ റെയിൽവേ ശൃംഖലയും പ്രവർത്തനങ്ങളും ഗണ്യമായി വികസിപ്പിച്ചത് മൂലമുള്ള ചെലവുകൾ നേരിടാനാണ് നിരക്കു വർദ്ധനയെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
ശമ്പള ചെലവ് 1,15,000 കോടിയും പെൻഷൻ ചെലവ് 60,000 കോടിയായും വർദ്ധിച്ചതും കാരണമായി റെയിൽവേ ചൂണ്ടിക്കാട്ടുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ പ്രവർത്തനച്ചെലവ് 2,63,000 കോടിയായി വർദ്ധിച്ചു. ഇക്കൊല്ലം രണ്ടാമത്തെ നിരക്കു വർദ്ധനയാണിത്. ജൂലായിൽ മെയിൽ, എക്സ്‌പ്രസ് ട്രെയിനുകളിൽ നോൺ എ.സി ക്ലാസുകളിലെ നിരക്ക് കിലോമീറ്ററിന് ഒരു പൈസയും എ.സിയിൽ കിലോമീറ്ററിന് രണ്ടു പൈസയും വർദ്ധിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |