കോഴിക്കോട്: കോഴിക്കോട് മെഡി. കോളേജ് ആശുപത്രിവളപ്പിൽ തൂങ്ങിമരിച്ച ആദിവാസി യുവാവ് വിശ്വനാഥൻ ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായിട്ടുണ്ടെന്ന് പൊലീസിന് മൊഴി ലഭിച്ചു. നാല് സെക്യൂരിറ്റി ജീവനക്കാരെയും സ്ഥലത്തുണ്ടായിരുന്ന മറ്റ് എട്ടുപേരെയും ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം പൊലീസിന് ലഭിച്ചത്. ആൾക്കൂട്ടം ചോദ്യംചെയ്യുന്നത് കണ്ടെന്നാണ് മൊഴി. അവിടെയുണ്ടായിരുന്ന കൂടുതൽപേരെ ചോദ്യംചെയ്യുമെന്ന് മെഡിക്കൽ കോളേജ് എ.സി.പി. കെ.സുദർശനൻ പറഞ്ഞു.
അതേസമയം, ആത്മഹത്യ എന്ന നിലയിൽ പൊലീസ് നൽകിയ റിപ്പോർട്ട് സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മിഷൻ തള്ളി. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാൻ നിർദേശിച്ചു.
ഇൻക്വസ്റ്റിന് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് നേതൃത്വം നൽകിയില്ല എന്നതുൾപ്പെടെ ഗുരുതരവീഴ്ച കമ്മിഷൻചൂണ്ടിക്കാട്ടി. നാല് ദിവസത്തിനകം പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജി പൊലീസിന് നിർദേശം നൽകി.
കളക്‌ടറേറ്റിൽ നടന്ന പരാതി പരിഹാര അദാലത്തിനിടെയാണ് കമ്മിഷന്റെ ഇടപെടൽ.
സാധാരണ കേസായാണോ ഇതിനെ കണ്ടതെന്ന് ചെയർമാൻ പൊലീസിനോട് ചോദിച്ചു.വെറുതെ ഒരാൾ പോയി തൂങ്ങി മരിച്ചു എന്നാണോ പറയുന്നത്. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഇൻക്വസ്റ്റ് നടത്താതിരുന്നതും പട്ടികവർഗ പ്രമോട്ടറുടെ മൊഴിയെടുക്കാത്തതിനും കാരണം എന്താണ്. കറുത്ത നിറമുള്ളവരെ കാണുമ്പോഴുള്ള മനോഭാവം മാറണം. ഇല്ലാത്ത കുറ്റം ആരോപിച്ച് ആളുകൾ പീഡിപ്പിച്ചിട്ടുണ്ടാകാം. വിശ്വനാഥന് സഹിക്കാൻ കഴിയാത്തതെന്തോ സംഭവിച്ചിട്ടുണ്ട്. അതിന്റെ മനോവിഷമത്തിലാകാം ജീവനൊടുക്കിയതെന്നും കമ്മിഷൻ നിരീക്ഷിച്ചു. പട്ടികവർഗ പ്രമോട്ടറുടെ മൊഴിയെടുക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
ആത്മഹത്യയാണെന്ന പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നെങ്കിലും മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് ബന്ധുക്കൾ. ആശുപത്രിയിൽ ഭാര്യയ്ക്ക് കൂട്ടിരിക്കാനെത്തിയപ്പോൾ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചുവെന്നാണ് ആക്ഷേപം.
ആശുപത്രിയിലെ നാൽപ്പതോളം കാമറകൾ പരിശോധിച്ചതിൽ ആൾക്കൂട്ട മർദ്ദനമോ കൈയാങ്കളിയോ നടന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. വിശ്വനാഥൻ ഓടുന്ന ദൃശ്യവും സെക്യൂരിറ്റിക്ക് മുമ്പിൽ ബാഗ് തുറന്ന് കാണിക്കുന്നതുമാണ് കാമറയിൽ പതഞ്ഞിട്ടുള്ളത്.
# ദേശീയ പട്ടികവർഗ
കമ്മിഷൻ കേസെടുത്തു
ദേശീയ പട്ടിക വർഗ കമ്മിഷനും കേസെടുത്തു. ഡി.ജി.പി, ജില്ലാകളക്ടർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവരിൽ നിന്ന് റിപ്പോർട്ട് തേടി. കമ്മിഷൻ ചെയർമാൻ ഹർഷ് ചൗഹാന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |