മുഹമ്മ : മലയാളികൾ വീട്ടുമുറ്റത്ത് നട്ടുനനച്ച് ഓമനിച്ചുവളർത്തുന്ന പലചെടികളുടെയും കുടുംബം അങ്ങ് വിദേശത്താണെന്ന് നമുക്ക് അറിയാം.സഞ്ചാരപ്രിയരായ മലയാളികൾ കൊണ്ടുവന്ന പൂച്ചെടികളും ഫലവൃക്ഷങ്ങളുമെല്ലാം നമ്മുടെ മണ്ണിൽ തഴച്ചു വളരുന്നുമുണ്ട്. ആഗണത്തിൽപ്പെട്ട പുതിയൊരു ഒരു പൂച്ചെടിയാണ് ഗാർലിക് വൈൻ. ഗാർലിക് വൈൻ കൊണ്ട് മനോഹരമായ ഒരു പൂക്കൂട തന്നെ സൃഷ്ടിച്ചിരിക്കുകയാണ് മണ്ണഞ്ചേരി പൊന്നാട് പാലേപ്പറമ്പിൽ സത്താർ. ക്രിസ്മസ് ട്രീ യിലാണ് ഈ ചെടി പടർത്തിയത്. കെ.എസ്.ഇ.ബി അധികൃതർ വന്ന്
മരത്തിന്റെ തലവെട്ടിയതോടെ ശിഖരങ്ങൾ ധാരാളം ഉണ്ടായി. ഇതിലേയ്ക്ക് ഗാർലിംക് വൈൻ പടർന്നു കയറിയതോടെ ആകെ ഒരു പൂക്കൂടയുടെ സൗന്ദര്യം. പടിപ്പുര വാതിലിന്റെ ഇരു വശങ്ങളിലുമായി കുട ചൂടി നിൽക്കുന്ന ഗാർലിക് വൈനിന് നേരെ ആരുമൊന്ന് കണ്ണെറിയാതെകടന്നുപോകില്ല!
ഇല ഞെരടിയാൽ വെളുത്തുള്ളി മണം
ഗാർലിക് വൈനിന്റെ ശാസ്ത്രീയ നാമം മാൻസോവ അല്ലിയാസിയ എന്നാണ്. ഇല ഞെരടിയാൽ വെളുത്തുള്ളിയുടെ ഗന്ധം അനുഭവപ്പെടുന്നതു കൊണ്ടാണ് ഗാർലിക് വൈൻ എന്ന പേരുവീണത്. വള്ളിചെടിയാണ്.അഞ്ച് വർഷം കൊണ്ട് പൂക്കും. ഓരോ ഞെട്ടിലും ധാരാളം നീണ്ട പൂക്കുലകൾ ഉണ്ടാകും.ഓരോ വർഷവും പൂക്കൾ ഇരട്ടിച്ചുകൊണ്ടിരിക്കും. വർഷ കാലത്തും പൂചൂടുമെന്നത് പ്രത്യേകതയാണ്.ആദ്യം വയലറ്റും പിന്നെ ഇളം വൈലറ്റും കൊഴിയാറാകമ്പോൾ വെള്ളയുമാകും. മഞ്ഞ പൂക്കളുള്ള ചെടികളും കൂട്ടത്തിലുണ്ട്.
പൂക്കൾ കൊഴിഞ്ഞാലും തിങ്ങുന്ന ഇലകളുടെ ഹരിതാഭ കുളിർമ്മ പകരും. ഈ ചെടിയുണ്ടെങ്കിൽ പാമ്പുകൾ പരിസരത്ത് വരില്ലെന്ന് വിശ്വാസമുണ്ട്. വള്ളി ഒടിച്ചുകുത്തി വളർത്താം. അധികം പരിചരണം ആവശ്യമില്ലാത്ത ഇവയെ ചെടിച്ചട്ടികളിലും വളർത്താം.വേലികളിലും മതിലുകളിലും ഈ വള്ളിച്ചെടി പടർത്താറുണ്ട്.പൂക്കമ്പോൾ മനോഹര മതിലാകുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |