തിരുവനന്തപുരം: ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന പ്രകൃതിദത്ത പോഷകങ്ങളുടെ ഉത്പന്നങ്ങൾ വികസിപ്പിക്കാൻ
തിരുവനന്തപുരത്ത് സെന്റർ ഒഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ് സ്ഥാപിക്കും. മന്ത്രിസഭായോഗം ഇതിന് അനുമതി നൽകി. 2025ൽ ഇന്ത്യയിലെ ന്യൂട്രാസ്യൂട്ടിക്കൽ വിപണി 18 ബില്യൺ ഡോളറായി വളരുമെന്നാണ് വിലയിരുത്തൽ.
തോന്നയ്ക്കൽ ലൈഫ്സയൻസ് പാർക്കിൽ സ്ഥലം അനുവദിച്ചു. ഗവേഷണ വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ താത്കാലിക പരീക്ഷണശാലകൾ സജ്ജമാക്കും. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ.ഡി.ഐ എസ്. സി), കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയൺമെന്റ് (കെ.എസ്. സി.എസ്.ടി.ഇ), സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) എന്നിവയുടെ ആഭിമുഖ്യത്തിലാണിത്.
പ്രകൃതി വിഭവങ്ങളിലെ
പോഷകവസ്തുക്കൾ
# രോഗനിവാരണം, രോഗപ്രതിരോധം, ആരോഗ്യസംരക്ഷണം എന്നീ ഗുണങ്ങളുള്ള നിരവധി പോഷകങ്ങൾ പ്രകൃതി വിഭവങ്ങളിലുണ്ട്. ഈ പോഷകങ്ങളെയാണ് 'ന്യൂട്രാസ്യൂട്ടിക്കൽസ്" എന്ന് വിളിക്കുന്നത്. സാധാരണ ഭക്ഷണത്തേക്കാൾ ഗുണം കൂടുതലാണ്. പരമ്പരാഗത ഭക്ഷണങ്ങളോട് സാമ്യമുള്ളതും ശാരീരിക ഗുണങ്ങളുള്ളതുമായ ഉത്പന്നങ്ങൾ, പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ ഭക്ഷണ സപ്ലിമെന്റുകൾ, രോഗ പ്രതിരോധകങ്ങളായ മിശ്രിതങ്ങൾ, ശുദ്ധമായ സംയുക്തങ്ങൾ എന്നിങ്ങനെ വിശാലമാണ് ന്യൂട്രാസ്യൂട്ടിക്കലുകളുടെ ലോകം.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും രോഗസാദ്ധ്യത കുറയ്ക്കുന്നതിലും മുഖ്യപങ്കു വഹിക്കുന്നു.
പാർശ്വഫലങ്ങൾ കുറവാണ്. പ്രമേഹം, അലർജി, അൽഷിമേഴ്സ്, ഹൃദയസംബന്ധമായ അസുഖങ്ങൾ, കാൻസർ, നേത്രരോഗങ്ങൾ, പാർക്കിൻസൺസ്, അമിതവണ്ണം എന്നിവയ്ക്കെതിരെ ന്യൂട്രാസ്യൂട്ടിക്കൽസ് പ്രയോജനപ്പെടുത്താം.
തൊഴിൽ സാദ്ധ്യത,
വിദേശനാണ്യം
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാലാവസ്ഥ, അസംസ്കൃതവസ്തുക്കളുടെ ലഭ്യത, പരിശീലനം ലഭിച്ച വ്യക്തികൾ എന്നീ ഘടകങ്ങൾ കേരളത്തിന് അനുയോജ്യമാണ്. ജൈവവൈവിധ്യ 'ഹോട്ട്സ്പോട്ട്' ആയതിനാൽ നമ്മുടെ ജൈവവ്യവസ്ഥയും പ്രതിഭാനൈപുണ്യവും പ്രയോജനപ്പെടുത്താനാവും. ഇതിലൂടെ തൊഴിൽ സാദ്ധ്യതയേറും, വിദേശനാണ്യം നേടിയെടുക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |