കേരളത്തിൽ ഏറ്റവും പ്രശ്ന ബാധിത മേഖലകളായുള്ളത് മൂന്ന് പ്രദേശങ്ങളാണെന്ന് മുരളി തുമ്മാരുകുടി. ഹൈറേഞ്ച്, തീരപ്രദേശം, കുട്ടനാട് എന്നിവയാണവ. ഈ മൂന്ന് പ്രദേശങ്ങളും ദുരന്തബാധിതമല്ലെങ്കിൽ പോലും ജനങ്ങൾ അവിടെ നിന്നും പലായനം ചെയ്യപ്പെടുന്നുണ്ട്. കാരണം ഇവിടങ്ങളിലെ അടുത്ത തലമുറ ആ പ്രദേശത്ത ആശ്രയിച്ചല്ല ജീവിക്കാൻ ഉദ്ദേശിക്കുന്നത് എന്നതുകൊണ്ടുതന്നെ. മീൻ പിടിക്കാനും കൃഷിക്കുമൊക്കെ ഇറങ്ങുന്ന യുവാക്കൾക്ക് നല്ല വരുമാനമുണ്ടെങ്കിലും വിവാഹക്കാര്യം വരുമ്പോൾ മുടങ്ങുന്ന അവസ്ഥയാണ്. അതുകൊണ്ടുതന്നെ ഇന്ന് ഇവിടങ്ങളിൽ കാണുന്ന ജനസാന്ദ്രത അടുത്ത 20 വർഷം കഴിയുമ്പോൾ ഉണ്ടാകില്ലെന്ന് ഐക്യരാഷ്‌ട്രസഭയുടെ ദുരന്തനിവാരണ വിഭാഗം തലവൻ കൂടിയായ തുമ്മാരുകുടി പറയുന്നു.
കൊച്ചിയുടെ കാര്യമെടുത്തു കഴിഞ്ഞാൽ, ഞാൻ പല ആളുകളോടും പറയാറുണ്ട്, കൊച്ചിയിലാണ് വീടെങ്കിൽ പതുക്കെ അത് വിറ്റുമാറുന്നതാണ് നല്ലതെന്ന്. പ്രതിരോധിക്കാൻ എന്തുചെയ്യാമെന്ന് ചോദിച്ചു കഴിഞ്ഞാൽ സാങ്കേതികപരമായി പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട് എന്നതാണ് അഭിപ്രായം. നഗരത്തിന്റെ ഒരു ഭാഗം ബഫർ സോൺ ആക്കി മാറ്റണം. അത് മാപ്പ് ചെയ്യാനും എളുപ്പമാണ്. ഓരോ സമയത്തും വെള്ളം കയറുമ്പോൾ ഏറ്റവും ബാധിക്കപ്പെടുന്ന സ്ഥലം എവിടെയാണെന്ന് നോക്കിയാൽ മതി.
എറണാകുളത്ത് ഇന്ന് നാം കാണുന്ന പല സ്ഥലങ്ങളും ഒരു കാലത്ത് ചതുപ്പ് നിലങ്ങളായിരുന്നവയാണ്. എറണാകുളം ബസ് സ്‌റ്റാന്റും മഹാരാജാസ് കോളേജ് ഗ്രൗണ്ടുമെല്ലാം വലിയ കുളങ്ങളാക്കി മാറ്റാൻ കഴിഞ്ഞാൽ കൊച്ചിയെ ഭാവിയിലെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |