കൊച്ചി: ലക്ഷക്കണക്കിന് ഉപഭോക്താക്കളെ വട്ടംചുറ്റിച്ച് യു.പി.ഐ ഇടപാടുകൾ ഇന്നലെ ആറ് മണിക്കൂറിലേറെ തടസ്സപ്പെട്ടു. ഉച്ചയോടെയാണ് ഭാഗികമായെങ്കിലും പേമെന്റുകൾ പുനരാരംഭിക്കാനായത്. ഈമാസം രണ്ടാം തവണയാണിത്. ഒന്നാം തിയതിയും തടസ്സപ്പെട്ടിരുന്നു.
ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയവയിൽ ഇടപാടുകൾ മുടങ്ങി. ഇതോടെ വ്യാപാര സ്ഥാപനങ്ങൾ, റെസ്‌റ്റോറന്റുകൾ, മെട്രോ റെയിൽ, പെട്രോൾ പമ്പുകൾ മുതൽ തട്ടുകടകളിൽ വരെ പണമിടപാട് നടത്താനാവാതെ ജനം വലഞ്ഞു.
ശനിയാഴ്ച ബാങ്ക് അവധിയായതിനാൽ യു.പി.ഐയുടെ പണിമുടക്ക് ബിസിനസ് സ്ഥാപനങ്ങൾക്കും കനത്ത നഷ്‌ടമുണ്ടാക്കി. കച്ചവടത്തിൽ ഗണ്യമായ കുറവുണ്ടായി.
ഉച്ചയോടെ എ.ടി.എമ്മുകൾ പലതും കാലിയായി. ഉച്ചവരെ പേയ്മെന്റ് തകരാറുകൾ സംബന്ധിച്ച് രണ്ടായിരത്തിലധികം പരാതികളാണ് ലഭിച്ചതെന്ന് യു.പി.ഐ ട്രെൻഡുകൾ വിശകലനം ചെയ്യുന്ന വെബ്‌സൈറ്റായ ഡൗൺ ഡിറ്റക്‌ടർ പറയുന്നു. സാങ്കേതികപ്രശ്നമാണെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ(എൻ.പി.സി.ഐ) എക്സിൽ അറിയിച്ചു.
30 ദിവസത്തിനിടെ
മൂന്നാം തവണ
മുപ്പത് ദിവസത്തിനിടെ മൂന്നാം തവണയാണ് യു.പി.ഐ പണിമുടക്കുന്നത്. മാർച്ച് 26നും ഏപ്രിൽ ഒന്നിനും യു.പി.ഐ സംവിധാനത്തിൽ തകരാറുണ്ടായിരുന്നു. ഏപ്രിൽ ഒന്നിന് എസ്.ബി.ഐ, ഫെഡറൽ ബാങ്ക് തുടങ്ങിയവയുടെ സെർവറുകൾ മാത്രമാണ് പണിമുടക്കിയത്. ഇന്നലെ പ്രധാന ബാങ്കുകളുടെയെല്ലാം ഇടപാടുകൾ തടസപ്പെട്ടു.
1,830 കോടി
മാർച്ചിലെ മൊത്തം
യു.പി.ഐ ഇടപാട്
₹24.77 ലക്ഷം കോടി
മൊത്തം മൂല്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |