കൊച്ചി: കഴിഞ്ഞ ദിവസം തീപിടിച്ച വാൻ ഹായ് 503 കപ്പലിനെ കേരള തീരത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെ ആയിരം മീറ്ററിലധികം ആഴമുള്ള കടലിൽ എത്തിച്ചതോടെ ആശങ്ക ഒഴിഞ്ഞു. കപ്പലിലെ കനത്ത പുക അടങ്ങിയിട്ടില്ലെങ്കിലും തീ നിയന്ത്രണ വിധേയമായി. രണ്ട് ടഗ്ഗുകൾ ഉപയോഗിച്ച് കപ്പലിനെ വലിച്ചുനീക്കുന്നതിനൊപ്പം തീകെടുത്തൽ ശ്രമം തുടരുകയാണ്. കപ്പലിൽ പരിശോധന നടത്തിയെങ്കിലും കാണാതായ നാലു ജീവനക്കാരെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഒരാഴ്‌ച നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് കോസ്റ്റ് ഗാർഡും നാവികസേനയും കപ്പലിനെ സുരക്ഷിതമേഖലയിൽ എത്തിച്ചത്. തീയണയ്‌ക്കാനും ഉരുക്കുചട്ടക്കൂടിനെ തണുപ്പിച്ച് ഇന്ധന ടാങ്കിലേക്ക് തീപടരുന്നത് ഒഴിവാക്കാനുമുള്ള ദൗത്യമാണ് തുടരുന്നത്. കോസ്റ്റ് ഗാർഡ്, നാവികസേന എന്നിവയുടെ കപ്പലുകളും വിമാനങ്ങളുമാണ് തീയണയ്‌ക്കുന്നത്. കപ്പൽ കമ്പനി നിയോഗിച്ച സംഘവും ശ്രമം തുടരുന്നു.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് കണ്ണൂർ അഴീക്കൽ തുറമുഖത്തിന് 44 നോട്ടിക്കൽ മൈൽ അകലെ സിംഗപ്പൂർ കപ്പലായ വാൻ ഹായിൽ പൊട്ടിത്തെറിയുണ്ടായി തീപിടിച്ചത്. നിയന്ത്രണം വിട്ട് കപ്പൽ കൊടുങ്ങല്ലൂർ തീരത്തേക്ക് ഒഴുകിയിരുന്നു. 15 ഡിഗ്രിയോളം കപ്പൽ ചെരിഞ്ഞതും ഇന്ധന ടാങ്കിന് സമീപം വരെ തീയെത്തിയതും ആശങ്ക സൃഷ്‌ടിച്ചു. തുടർന്നാണ് തീരത്തുനിന്ന് പരമാവധി ദൂരത്തേക്ക് കപ്പൽ നീക്കാൻ ഷിപ്പിംഗ് ഡയറക്‌ടർ ജനറൽ നിർദ്ദേശിച്ചത്. തീരത്ത് 27 നോട്ടിക്കൽ മൈൽ വരെയെത്തിയ കപ്പലിനെ വെള്ളിയാഴ്ച രാത്രിയാണ് ടഗ്ഗുമായി വടംകെട്ടി ബന്ധിപ്പിച്ച് വലിച്ചുനീക്കാൻ ആരംഭിച്ചത്. ശനിയാഴ്‌ച പുലർച്ചെ 35 നോട്ടിക്കൽ മൈൽ നീക്കിയ കപ്പൽ ഇന്നലെ 50 നോട്ടിക്കൽ മൈൽ ദൂരെ എത്തിക്കാൻ കഴിഞ്ഞു.
കപ്പൽ പിളരുകയോ മുങ്ങുകയോ ചെയ്‌താലും തീരദേശത്തിന് ആഘാതമുണ്ടാക്കാൻ കഴിയാത്ത ദൂരത്ത് കപ്പലിനെ എത്തിക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. കടൽക്ഷോഭവും മഴയും ശക്തമായ കാറ്റും മറികടന്നാണ് നാവികസേനയും കോസ്‌റ്റ് ഗാർഡും നിർണായകനേട്ടം കൈവരിച്ചത്. കപ്പലിലെ 22 ജീവനക്കാരിൽ 18 പേരെയും കോസ്‌റ്റ് ഗാർഡ് രക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |